പട്ന/ മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ സുശാന്തിനെ റിയ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ചതിച്ചെന്നും കാണിച്ച് അച്ഛന് കൃഷ്ണകുമാര്‍ സിംഗ് ബിഹാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യാപ്രേരണയ്ക്ക് റിയക്കെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
സംശയകരമായ 15 കോടിയുടെ ഇടപാടുകളെക്കുറിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമ (പിഎംഎല്‍എ) പ്രകാരം നടി റിയ ചക്രബര്‍ത്തിക്കും കുടുംബത്തിനുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് റിയ. തനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും സത്യം എന്നായാലും പുറത്തുവരുമെന്നും റിയ വീഡിയോയില്‍ പറഞ്ഞു.
”എനിക്ക് ദൈവത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ട്. എനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുമുണ്ട്. മാധ്യമങ്ങളില്‍ എനിക്കെതിരെ തീര്‍ത്തും മോശമായ തരത്തിലുള്ള പല കാര്യങ്ങളും വരുമ്ബോഴും, ഇതിനൊന്നും മറുപടി തല്ക്കാലം ഞാന്‍ പറയുന്നില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അത് തന്നെയാണ് എന്റെ അഭിഭാഷകരും എനിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിലവില്‍ കേസ് കോടതിയുടെ പരിഗണയിലാണ്. സത്യമേവജയതേ. സത്യം ജയിക്കും”, റിയ കണ്ണീരോടെ, കൂപ്പുകൈകളോടെ പറയുന്നു.
അഭിഭാഷകനായ സതീഷ് മനേഷിന്‍ഡെയാണ് റിയയുടെ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിയ സുഹൃത്തുക്കളുമായി സംസാരിക്കുന്നതെന്ന് പറയപ്പെടുന്ന മറ്റൊരു വീഡിയോയും നേരത്തേ പുറത്തുവന്നിരുന്നു. ബിഹാര്‍ പോലീസ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.
സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് എത്രതുക കൈമാറിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ബിഹാര്‍ പോലീസ് എഫ്ഐആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പട്നയില്‍ നിന്നുള്ള പോലീസ് സംഘം മൂന്ന് ദിവസമായി മുംബൈയില്‍ ക്യാംപുചെയ്ത് അന്വേഷണം നടത്തുകയാണ്. സുശാന്തും നടി റിയ ചക്രബര്‍ത്തിയും അവരുടെ സഹോദരനും ചേര്‍ന്ന് തുടങ്ങിയ കമ്ബനി നടത്തിയ സാമ്ബത്തിക ഇടപാടുകളും നിക്ഷേപങ്ങളും കണ്ടെത്താന്‍ ബിഹാര്‍ പോലീസ് ബാങ്കുകളില്‍ അടക്കം പരിശോധന നടത്തിയിരുന്നു.
റിയ ചക്രബര്ത്തിയെക്കൂടാതെ കരണ്‍ ജോഹര്‍, നിരൂപകന് രാജീവ് മസന്ദ് അടക്കം നാല്‍പ്പതോളം പേരെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു. സ്വജനപക്ഷപാതത്തോടെ ഇവരില്‍ പലരും പെരുമാറിയെന്നും, സുശാന്തിനെ സിനിമാ മേഖലയില്‍ നിന്ന് പുറത്താക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും, ഇതിന്റെ ഫലമായി വിഷാദത്തിലേക്ക് വഴുതിവീണ സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമായിരുന്നു ആരോപണങ്ങളുയര്‍ന്നത്. റിയക്കെതിരെ പരോക്ഷവിമര്‍ശനവുമായി സുശാന്തിന്റെ മുന്‍ കാമുകി അങ്കിത ലോഖണ്ഡെയും രംഗത്തത്തിയിരുന്നു.