മലയോര മേഖലകളില്‍ കനത്ത മഴ; അരുവിക്കര ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു

നെടുമങ്ങാട്: മലയോര മേഖലകളില്‍ മഴ കനത്തതിനെ തുടര്‍ന്ന് അരുവിക്കര ഡാമിലെ മൂന്നു ഷട്ടറുകള്‍ തുറന്നു. ഇന്നലെ അതിരാവിലെ മുതല്‍ മലയോര മേഖലകളായ പെന്മുടി, വിതുര, പെരിങ്ങമ്മല, പാലോട്, തുടങ്ങിയ പ്രദേശങ്ങളിലെ വനാന്തരങ്ങളിലും മറ്റു വൃഷ്ടിപ്രദേശങ്ങളിലും നിര്‍ത്താതെ പെയ്ത ശക്തമായ മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു. ഇതിനെ തുടര്‍ന്ന് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് ഷട്ടറുകള്‍ തുറന്നത്.

ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മൂന്നു ഷട്ടറുകളാണ് ഉയര്‍ത്തിയത്. രണ്ടു ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതവും ഒരു ഷട്ടര്‍ 70 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയത്. മലയോര മേഖലകളിലും വൃഷ്ടി പ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും വര്‍ദ്ധിക്കുകയാണെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും. ഡാമിന്റെ സമീപത്തും കരമന ആറിന്റെ തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

മഴയെ തുടര്‍ന്ന് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപം കൊണ്ടു. തമ്ബാനൂര്‍, എസ്‌എസ് കോവില്‍ റോഡ്, സ്റ്റാച്യു, സെക്രട്ടേറിയറ്റ് റോഡുകളില്‍ വെള്ളം കയറിയത് യാത്രക്കാരെ ദുരിതത്തിലാക്കി. നഗരത്തിന്റെ പലയിടങ്ങളും കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ വരുന്നതിനാല്‍ വാഹനയാത്രക്കാര്‍ നിരത്തില്‍ കുറവായിരുന്നു. എന്നാല്‍ അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയവരെ മഴ വലച്ചു. ജില്ലയില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുണ്ടായ സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും അവരോട് സഹകരിക്കുകയും വേണം.

ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Related posts

Leave a Comment