സംസ്ഥാനത്ത് കനത്ത മഴ, കൊച്ചിയിലടക്കം വെള്ളക്കെട്ട്, നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ മഴ കനക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്തെ ദുരിതത്തിലാക്കി കനത്ത മഴ. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ശക്തമായ മഴ പെയ്യുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുളള ജില്ലകളിലാണ് മഴ ദുരിതം വിതയ്ക്കുന്നത്. കൊച്ചിയില്‍ അടക്കം പലയിടത്തും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറിയതായാണ് റിപ്പോര്‍ട്ടുകള്‍.

എറണാകുളം ജില്ലയിലെ പളളുരുത്തിയിലും ഇടക്കൊച്ചിയിലും വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ തുടരുകയാണ്. സൗത്ത് കടവന്ത്രയിലും പനമ്ബളളി നഗറിലും എംജി റോഡിലും കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്. മഴ അതിശക്തമായ തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്നാമത്തെ ഷട്ടര്‍ പത്ത് സെന്റിമീറ്റര്‍ വരെ ആണ് ഉയര്‍ത്തിയിരിക്കുന്നത്. മഴ ഇനിയും ശക്തമായാല്‍ മുപ്പത് സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും.

കോട്ടയത്തും ആലപ്പുഴയിലും മഴ കനക്കുകയാണ്. കോട്ടയം മീനച്ചിലാറിന് സമീപത്തുളള റോഡ് പകുതിയോളം ഇടിഞ്ഞ് താണു. കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നാളെ മുതല്‍ വടക്കന്‍ കേരളത്തിലും മഴ കനക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം-വേണാട് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കി. ചങ്ങനാശ്ശേരി വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുളളൂ.

സംസ്ഥാനത്ത് നാല് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Related posts

Leave a Comment