മിടുക്കന്മാരെ അധികനാള്‍ മാറ്റി നിറുത്താന്‍ കഴിയില്ലെന്ന് മനസിലായി,​ കൊടി സുനിയേയും സ്വപ്‌നയേയും പൂട്ടിയ ഷൗക്കത്ത് അലിയ്‌ക്ക് ഐ.പി.എസ് ശുപാര്‍ശ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിലൊരാളായ എ പി ഷൗക്കത്ത് അലിക്ക് ഐ.പി.എസ് ശുപാര്‍ശ. 2018 ബാച്ചില്‍ ഐ.പി.എസ് ലഭിക്കാവുന്ന പരിഗണനാ പട്ടികയില്‍ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി ശുപാര്‍ശ ചെയ്തതിട്ടുള്ളത്. ടിപി വധക്കേസ് അന്വേഷണത്തിന്റെ പേരില്‍ സി പി എമ്മിന്റെ കണ്ണിലെ കരടായ കെ വി സന്തോഷിന്റെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അന്വേഷണം ഏറ്റെടുത്ത് 24 മണിക്കൂറിനകമാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷ് അടക്കമുള്ളവരെ ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘം പിടികൂടിയത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയേയും സംഘത്തെയും ഷൗക്കത്തലി പിടികൂടിയ രീതി കേരളപൊലീസില്‍ ചരിത്രമായി മാറുകയും ചെയ്‌തു. മികവുറ്റ ഈ ട്രാക്ക് റെക്കോര്‍ഡുകള്‍ തന്നെയാണ് സി.പി.എമ്മിന്റെ ‘കണ്ണിലെ കരട്’ ആയി മാറിയിട്ടും സംസ്ഥാന സര്‍ക്കാരിന് ഷാക്കൗത്ത് അലിയെ മാറ്റി നിറുത്താന്‍ കഴിയാതെ വന്നത്.

ഭയമെന്തെന്ന് അറിയാത്തവന്‍, മേലുദ്യോഗസ്ഥരുടെ ആത്മധൈര്യം

1995ല്‍ ഒന്നാംറാങ്കോടെ കേരള പൊലീസില്‍ എസ്.ഐയായ ഷൗക്കത്തലി തലശേരി ഡിവൈ.എസ്.പിയായിരിക്കെ 2014ലാണ് ഡെപ്യൂട്ടേഷനില്‍ എന്‍.ഐ.എയിലെത്തിയത്.ഐസിസ് റിക്രൂട്ട്‌മെന്റ്, കനകമല കേസ്, തമിഴ്നാട്ടിലെ തീവ്രവാദക്കേസുകള്‍ എന്നിങ്ങനെ സുപ്രധാന കേസുകളുടെ അന്വേഷണം ഷൗക്കത്തിനായിരുന്നു. 150ലേറെപ്പേര്‍ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണക്കേസില്‍ ഫ്രഞ്ച് ഏജന്‍സികളുമായി ചേര്‍ന്നുള്ള അന്വേഷണത്തിലും ഷൗക്കത്തലിയുണ്ടായിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന പൊലീസ് അല്‍പ്പം പ്രതിരോധത്തിലാണെങ്കിലും, അന്വേഷണം തുടങ്ങി 24മണിക്കൂര്‍ തികയും മുന്‍പ് സ്വപ്നയെയും സന്ദീപിനെയും ഒളിത്താവളം കണ്ടെത്തി കുടുക്കിയ എന്‍.ഐ.എ അഡി.എസ്.പി എ.പി ഷൗക്കത്തലി കേരള പൊലീസിലെ ചുണക്കുട്ടിയാണ്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടിസുനി അടക്കമുള്ള കൊടുംക്രിമിനലുകളെ ശക്തമായ രാഷ്ട്രീയ എതിര്‍പ്പ് വകവയ്ക്കാതെ പിടികൂടിയ അതേ ഷൗക്കത്തലി. കണ്ണൂരിലെ മുടക്കോഴി മലയില്‍ ഒളിച്ചിരുന്ന പ്രതികളെ അര്‍ദ്ധരാത്രിയില്‍ വേഷപ്രച്ഛന്നരായി നടന്നെത്തി സാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് ഷൗക്കത്തലിയും സംഘവും പിടികൂടിയത്.

ഭയമില്ലാതെ ഏത് ദൗത്യവും പൂര്‍ത്തിയാക്കുമെന്നതാണ് ഷൗക്കത്തലിയുടെ പ്രത്യേകത. കൊടി സുനിയെയും സംഘത്തെയും തേടിയുള്ള റെയ്ഡ് വിവരം പലതവണ ചോര്‍ന്നതോടെ, രഹസ്യ ഓപ്പറേഷന്‍ പ്ലാന്‍ചെയ്തു. മുഴക്കുന്ന്, തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകളിലൂടെയുള്ള എല്ലാ വഴികളും അടച്ചശേഷം പതിവു വാഹന പരിശോധനയ്‌ക്കെന്നു തോന്നിക്കുന്ന വിധത്തില്‍ പൊലീസ് നിലയുറപ്പിച്ചു. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ ഇരുപതിലധികം പേരടങ്ങുന്ന സംഘം വടകരയില്‍ നിന്നു ടിപ്പര്‍ ലോറിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ മുഴക്കുന്നിലെത്തി. ലുങ്കി ധരിച്ച്‌ തോര്‍ത്തും തലയില്‍ക്കെട്ടി ചെങ്കല്‍ തൊഴിലാളികളുടെ വേഷത്തിലായിരുന്നു ഷൗക്കത്തലിയും സംഘവും. കനത്തമഴയില്‍ മൊബൈല്‍ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മലകയറ്റം. പുലര്‍ച്ചെ നാലിന് സുനിയുടെ ഒളിസങ്കേതം കണ്ടെത്തി.

പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റില്‍ നിലത്ത് കമ്ബിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞു പൊലീസ് അകത്തു കടക്കുമ്ബോള്‍ കൊടി സുനി, ഷാഫി, കിര്‍മാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്ര‌യില്‍. പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കുചൂണ്ടി എതിരിടാനായി ശ്രമം. അര മണിക്കൂര്‍ നീണ്ട ബലപ്ര യോഗത്തിലൂടെയാണ് സംഘത്തെ കീഴടക്കിയത്. പിന്നീട് സിപിഎം നേതാക്കളെ അറസ്റ്റു ചെയ്യാന്‍ മറ്റ് ഉദ്യോഗസ്ഥര്‍ മടിച്ചപ്പോള്‍, ആ ദൗത്യം ഏറ്റെടുത്തതും ഷൗക്കത്തലിയാണ്.

Related posts

Leave a Comment