സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായര്‍, സ്വപ്‌ന സുരേഷ്, കെ.ടി.റമീസ്
തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ വരുംദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യും. ഒന്നാംപ്രതി സരിത്തില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിത്തിനെ ഇന്നലെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വര്‍ണക്കടത്തിനായി പ്രതികള്‍ വ്യാജ സീല്‍ ഉണ്ടാക്കിയ കട അന്വേഷണസംഘം ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവെടുപ്പിനിടെ സരിത്താണ് വ്യാജ സീല്‍ നിര്‍മിച്ച കട അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കാണിച്ചുകൊടുത്തത്. സ്‌റ്റാച്യു പരിസരത്തുള്ള കടയില്‍ നിന്നാണ് വ്യാജ സീല്‍ നിര്‍മിച്ചത്. കേസിലെ നിര്‍ണായക വിവരമാണിത്.
പ്രതികള്‍ ആശയവിനിമയത്തിനു ഉപയോഗിച്ചത് ടെലിഗ്രാം
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ആശയവിനിമയത്തിനു ഉപയോഗിച്ചത് ടെലിഗ്രാം ആപ്പാണ്. പിടിയിലാകും മുന്‍പ് ഫോണിലെ സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, നീക്കം ചെയ്‌ത പല വിവരങ്ങളും അന്വേഷണസംഘം വീണ്ടെടുത്തു. തിരുവനന്തപുരം സിഡാക് വഴിയാണ് ഫോണിലെ വിവരങ്ങള്‍ വീണ്ടെടുത്തത്. അന്വേഷണസംഘത്തിനു ഇതേറെ ഗുണം ചെയ്‌തു. സ്വപ്‌ന സുരേഷിനു ആറ് ഫോണും രണ്ട് ലാപ്‌ടോപും ഉണ്ടായിരുന്നു. ഇത് അന്വേഷണസംഘം നേരത്തെ പിടിച്ചെടുത്തിരുന്നു.
സരിത്തിനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരത്തെ തെളിവെടുപ്പിനു ശേഷം സരിത്തിനെ കൊച്ചിയിലേക്ക് കൊണ്ടുപോകും. സരിത്തിനെ വീണ്ടും ചോദ്യം ചെയ്യാനാണു സാധ്യത. സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. നേരത്തെ സരിത്തിനെ രണ്ട് തവണ ചോദ്യം ചെയ്‌തിരുന്നു. ഈ ചോദ്യം ചെയ്യലിലാണു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി തനിക്കു അടുത്ത ബന്ധമുണ്ടെന്ന് സരിത് പറഞ്ഞത്. ശിവശങ്കറിനെ ഒരുതവണ കൂടി ചോദ്യം ചെയ്യാനും സാധ്യതയേറി. എന്നാല്‍, സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനു നേരിട്ടു എന്തെങ്കിലും ബന്ധമുണ്ടോ എന്ന തരത്തില്‍ തെളിവുകളൊന്നും അന്വേഷണസംഘത്തിനു ഇതുവരെ ലഭിച്ചിട്ടില്ല.
അന്വേഷണം ജയഘോഷിലേക്കും
യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ഗണ്‍മാന്‍ ജയഘോഷിലേക്കും അന്വേഷണം നീളുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ജയഘോഷ് പറയുന്നതെങ്കിലും അന്വേഷണസംഘം ഇതു പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ആത്മഹത്യയ്‌ക്ക് ശ്രമിച്ച ജയഘോഷ് ഇന്നലെയാണ് ആശുപത്രി വിട്ടത്. ജയഘോഷിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. സ്വര്‍ണക്കടത്തില്‍ ജയഘോഷിന് പങ്കുണ്ടെന്നാണ് നിഗമനം. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇക്കാര്യം ഏറെക്കുറെ വ്യക്തമായിരുന്നു. ജയഘോഷിനെ സര്‍വീസ് ചട്ടലംഘനം ആരോപിച്ച് പൊലീസ് നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
യുഎഇ കോണ്‍സുലേറ്റും സംശയനിഴലില്‍
യുഎഇ കോണ്‍സുലേറ്റും സംശയനിഴലിലാണ്. കോണ്‍സുലേറ്റില്‍ നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്‌തതെന്ന് പ്രതികള്‍ നേരത്തെ പറഞ്ഞിരുന്നു.
റമീസ് മുഖ്യകണ്ണി
തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യകണ്ണി കെ.ടി.റമീസാണെന്ന് എന്‍ഐഎ. റമീസിനെ പ്രതി ചേര്‍ക്കുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും എന്‍ഐഎ അറിയിച്ചു. കേസില്‍ സ്വപ്‌ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചതായും എന്‍ഐഎ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്തെ സാഹചര്യം ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം കടത്താനുള്ള ആശയം മുന്നോട്ട് വച്ചത് റമീസാണെന്ന് സന്ദീപ് മൊഴി നല്‍കിയെന്നും എന്‍ഐഎ പറയുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ഒരു അറസ്റ്റ് കൂടി
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ കസ്‌റ്റംസ് ഒരാളെകൂടി അറസ്‌റ്റ് ചെയ്‌തു. മലപ്പുറം മഞ്ചേരി സ്വദേശി മറിയാട് പുളിക്കത്ത് വീട്ടില്‍ ഹംസത്ത് അബ്‌ദുസലാം ആണ് അറസ്‌റ്റിലായത്. കേസില്‍ നേരത്തെ പിടിയിലായ കെ.ടി.റമീസുമായി അടുപ്പമുള്ള ആളാണ് ഹംസത്ത് അബ്‌ദുല്‍സലാം.