അധിക തുക മറ്റു രോഗികള്‍ക്കെന്ന് വര്‍ഷ പറഞ്ഞു; ഫിറോസിനെ ചോദ്യം ചെയ്‌തു

കോഴിക്കോട്: അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം തുടരുന്നു. ആരോപണവിധേയനായ ഫിറോസ് കുന്നുംപറമ്ബലിനെ പൊലീസ് ചോദ്യം ചെയ്‌തു. അമ്മയുടെ ചികിത്സയ്‌ക്കും മറ്റാവശ്യങ്ങള്‍ക്കുമുള്ള പണത്തില്‍ അധികമുള്ളത് മറ്റ് രോഗികള്‍ക്ക് നല്‍കാമെന്ന് വര്‍ഷ അറിയിച്ചിരുന്നതായി ഫിറോസ് പൊലീസിനോട് പറഞ്ഞു. പണം നല്‍കാമെന്ന് പറഞ്ഞശേഷം പിന്നീട് വാക്കുമാറുകയായിരുന്നെന്നും ഫിറോസ് ആരോപിച്ചു.

ഫിറോസ് കുന്നുംപറമ്ബിലടക്കം നാല് പേര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്ബില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേര്‍ക്കെതിരെയാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.

കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി വര്‍ഷയാണ് പരാതിക്കാരി. ജൂണ്‍ 24-നാണ് അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ സാമ്ബത്തി സഹായം അഭ്യര്‍ത്ഥിച്ച്‌ വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവില്‍ സഹായം അഭ്യര്‍ത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേര്‍ വര്‍ഷയെ സഹായിക്കാന്‍ രംഗത്തെത്തി. ശസ്‌ത്രക്രിയ‌യ്‌ക്കു ആവശ്യമായതിനേക്കാള്‍ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിര്‍ത്താന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നു.

വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് തന്നോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി വര്‍ഷ ആരോപിക്കുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോള്‍ ഫിറോസ് കുന്നുപറമ്ബില്‍ അടക്കമുള്ളവര്‍ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്‌തതായാണ് വര്‍ഷയുടെ പരാതി.

അതിനിടെ, വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഹവാല പണമെത്തിയതായി ആരോപണമുയര്‍ന്നിരുന്നു. നിലവില്‍ ഹവാല പണമെത്തിയതിനു തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ബാങ്കിങ് ചാനല്‍ വഴി ഹവാല ഇടപാടിനു യാതൊരു സാധ്യതയുമില്ലെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഫിറോസ് കുന്നുംപറമ്ബിലടക്കമുള്ളവരുടെ മുന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും പരിശോധിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലാണ് ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related posts

Leave a Comment