കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന് ജാമ്യമില്ലാ വാറണ്ട്. എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഉത്തരവ് ഇന്റര്‍പോളിന് കൈമാറും.
ഫൈസല്‍ ഫരീദിനെ യു.എ.ഇയില്‍ നിന്ന് കൈമാറാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണ് എന്‍.ഐ.എ സ്വീകരിച്ചിരിക്കുന്നത്. ഫൈസല്‍ ഫരീദിനായി ഉടന്‍ ഇന്റര്‍പോളിലേക്ക് ബ്ലൂ നോട്ടിസ് അയക്കാനാണ് നീക്കം. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിലൂടെ യു.എ.ഇ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ
അതേസമയം, സരിത്തിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സന്ദീപിന്റെ ബാഗ് തുറന്ന് പരിശോധിക്കാനും എന്‍.ഐ.എ അപേക്ഷ നല്കി.
ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ആണെന്ന് എന്‍.ഐ.എ കോടതിയില്‍ ബോധിപ്പിച്ചു. ഫൈസല്‍ ഫരീദാണ് വ്യാജരേഖകള്‍ ചമച്ചത്. ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്തത്. കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായും ഇതിന് ബന്ധമില്ലെന്നും എന്‍.ഐ.എ കോടതിയില്‍ അറിയിച്ചു.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മൂവാറ്റുപുഴക്കാരന് ജലാല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി ഇന്ന് കസ്റ്റംസ് പിടിയിലായി. റിമാന്‍ഡില്‍ കഴിയുന്ന റമീസില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയവരാണ് മൂന്നുപേരും. രണ്ടു വര്‍ഷം മുമ്ബ് തിരുവനന്തുപുരം വിമാനത്താവളത്തില്‍ 5 കിലോ സ്വര്‍ണം കടത്തിയ കേസിലെയും പ്രതിയാണ് ജലാല്‍.