അമിതാഭ് ബച്ചന്റെ 4 ബംഗ്ലാവുകള്‍ സീല്‍ ചെയ്തു; 16 ജീവനക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി

അമിതാഭ് ബച്ചന്റെ കുടുംബത്തില്‍ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ സീല്‍ ചെയ്തു. ബച്ചന്റെ വസതികളായ ജല്‍സ, ജനക്, പ്രതീക്ഷ, വത്സ എന്നിവ സീല്‍ ചെയ്തതായി ബോംബെ മെട്രോ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മിഷണര്‍ വിശ്വാസ് മോട്ടെ അറിയിച്ചു. ഈ പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കുകയും ചെയ്തു.

അമിതാബ് ബച്ചന്റെ ജീവനക്കാരില്‍ 16 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ സെക്യൂരിറ്റി ജീവനക്കാരും വീട്ടു ജോലിക്കാരും ഉള്‍പ്പെടും. ഇവരുടെ പരിശോധനാഫലം ഇതുവരെ വന്നിട്ടില്ല.

അമിതാബും മകന്‍ അഭിഷേകും ആശുപത്രിയില്‍ ചികിത്സയിലാണ്. കൊവിഡ് പോസിറ്റീവായ ഐശ്വര്യയും മകള്‍ ആരാധ്യയും ഹോം ക്വാറന്റൈനിലാണ്. ഇരുവരുടെയും ആരോഗ്യനില മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്നും ഇവരുടെ ആരോഗ്യ പുരോഗതി വിലയിരുത്തുമെന്നും അഭിഷേക് ട്വീറ്റ് ചെയ്തിരുന്നു.

കുടുംബത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. കൊവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

തനിക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും ആദ്യം അമിതാഭ് ബച്ചനായിരുന്നു ട്വീറ്റ് ചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി തന്നോട് അടുത്ത് ഇടപഴകിയ എല്ലാവരും സ്വയം ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിന് പിന്നാലെ അഭിഷേകിന്റെയും ട്വീറ്റ് എത്തി. തനിക്കും പിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു, രണ്ടുപേരും ആശുപത്രിയിലാണ്. തങ്ങളുടെ കുടുംബം, സ്റ്റാഫ് എന്നിവരുടെയും ടെസ്റ്റ് നടത്തിയിട്ടുണ്ടെന്നും അഭിഷേക് ട്വീറ്റില്‍ പറഞ്ഞിരുന്നു
അതിന് പിന്നാലെയാണ് ഐശ്വര്യറായിക്കും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചത്. ജയാബച്ചന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

Related posts

Leave a Comment