ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കാനാകുമോ? ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍ പറയുന്നു

ദുബായ്: സ്വര്‍ണ വില രാജ്യാന്തര നിലവാരത്തില്‍ നിജപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യയിലേയ്ക്കുള്ള സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കാന്‍ കഴിയുകയുള്ളുവെന്ന് ജ്വല്ലറി വ്യാപാര രംഗത്ത് നിറ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍. 1970കളിലാണ് സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വര്‍ണക്കള്ളക്കടത്ത് വ്യാപകമായത്. മുംബൈ കേന്ദ്രീകരിച്ച്‌ അധോലോകനായകന്‍ ഹാജി മസ്താന്റെ നേതൃത്വത്തില്‍ സ്വര്‍ണക്കടത്ത് സജീവമായി. പിന്നീട് ഒട്ടേറെ മലയാളികളും രംഗത്ത് വന്നു.

യുഎഇയില്‍ മൂല്യവര്‍ധിത നികുതി( വാറ്റ്) മാത്രമേ നിലവില്‍ ഈടാക്കുകയുള്ളു.എന്നാല്‍ തനിതങ്കത്തിന് (സ്വര്‍ണക്കട്ടി)ക്ക് ഇതും ബാധകമല്ല. സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമേ വാറ്റ് നല്‍കേണ്ടതുള്ളൂ. ഇന്ത്യയിലാണെങ്കില്‍ 12% ഇറക്കുമതി ഡ്യൂട്ടി നല്‍കണം. ഒരു കിലോ സ്വര്‍ണം യുഎഇയില്‍ നിന്ന് വാങ്ങിക്കുമ്ബോള്‍ നിലവിലെ വിലനിലവാരമനുസരിച്ച്‌ ഏതാണ്ട് 43 ലക്ഷം രൂപയാണ് വില നല്‍കേണ്ടത്.

ഇത് ഇന്ത്യയിലെത്തിച്ചാല്‍ 49 ലക്ഷത്തോളം രൂപ കിട്ടും. ഇൗ സമയം കസ്റ്റംസിനെ വെട്ടിച്ചുകൊണ്ടുപോയാല്‍, അതായത് കള്ളക്കടത്ത് നടത്തിയാല്‍ ഏഴ് ലക്ഷം രൂപ വരെ ലാഭം കിട്ടും. യുഎഇയില്‍ നിന്ന് സ്വര്‍ണം അയക്കുന്നവരും അവിടെ സ്വീകരിക്കുന്നവരും വാങ്ങിക്കുന്നവരുമെല്ലാം കള്ളക്കടത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ആഭരണനിര്‍മാണ മേഖലയില്‍ മാത്രമാണ് സ്വര്‍ണം ആവശ്യമുള്ളത്- ജ്വല്ലറി രംഗത്ത് 40 വര്‍ഷത്തിലേറെ പരിചയസമ്ബത്തുള്ള രാമചന്ദ്രന്‍ പറഞ്ഞു.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വര്‍ണം കള്ളക്കടത്തിന് അവസാനമുണ്ടാകാന്‍ കാരണമായേക്കാവുന്ന രാജ്യാന്തര നിലവാരത്തില്‍ വില ഏര്‍പ്പെടുത്താന്‍ തടസ്സമെന്താണെന്നറിയില്ല. എങ്കിലും ചിലര്‍ പറയുന്ന കാരണം, ഇന്ത്യക്ക് ലഭിക്കേണ്ട നികുതിപ്പണം ഇല്ലാതാകുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളം നല്‍കാന്‍ സാധിക്കാതെ വരുമെന്നുമൊക്കെയാണ്. കേരളത്തിലേയ്ക്ക് ഡിപ്ലോമാറ്റിക് ബഗേജില്‍ കോടികളുടെ സ്വര്‍ണം കടത്തിയതിന് പിന്നില്‍ രാഷ്ട്രീയക്കാര്‍ക്ക് ബന്ധമുണ്ടോ എന്നൊന്നും പറയാന്‍ ഞാനാളല്ല-അദ്ദേഹം പറഞ്ഞു.

1974ല്‍ കുവൈത്തിലെത്തിയ രാമചന്ദ്രന്‍ അവിടെ ബാങ്കുദ്യോഗസ്ഥനായിരുന്നു. 1981ല്‍ കുവൈത്തില്‍ അറ്റ്ലസ് ജ്വല്ലറിക്ക് തുടക്കമിട്ടു. പിന്നീട് ബിസിനസ് യുഎഇയിലേയ്ക്ക് വ്യാപിപ്പിക്കുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.

Related posts

Leave a Comment