തിരുവനന്തപുരം: ( 02.07.2020) തിരുവനന്തപുരം നഗരസഭ പരിധിയിലുള്ള കുമരിചന്തയിലെ മത്സ്യവില്‍പ്പനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ തലസ്ഥാനം വീണ്ടും കൊവിഡ് ഭീതിയില്‍. തീരദേശത്തോട് ചേര്‍ന്ന് കിടക്കുന്ന ബീമാപള്ളി ഈസ്റ്റ്, പുത്തന്‍പള്ളി, അമ്ബത്തറ, മാണിക്യവിളാകം വാര്‍ഡുകള്‍ ഇന്നലെ രാത്രി കണ്ടയിന്‍മെന്റ് സോണുകളാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മത്സ്യവ്യാപാരിക്ക് കൊവിഡ് പോസിറ്റീവായത്. തിങ്കളാഴ്ച മേയര്‍ കെ.ശ്രീകുമാറും നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും ചന്തയില്‍ പരിശോധന നടത്തിയിരുന്നു. സാമൂഹ്യഅകലം പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഇതോടെ മേയറും നിരീക്ഷണത്തില്‍ കഴിയേണ്ടിവരുമോ എന്ന ചോദ്യവും ഉയരുന്നു. അമ്ബലത്തറയിലുള്ള ഹോള്‍സെയില്‍ മത്സ്യവ്യാപാരിയുടെ സഹോദരനാണ് കൊവിഡ് ബാധിച്ചത്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ പോയാണ് രോഗം സ്ഥിരീകരിച്ചയാള്‍ മത്സ്യം വാങ്ങിയിരുന്നത്. ചേട്ടന് വേണ്ടി ഇയാളാണ് മത്സ്യം മൊത്തവിലയ്ക്ക് എടുക്കാന്‍ പോയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുമരിചന്തയ്ക്ക് സമീപമുള്ള ഹോള്‍സെയില്‍ കേന്ദ്രത്തില്‍ നിന്ന് ധാരാളം ചെറുകിട കച്ചവടക്കാര്‍ മത്സ്യംവാങ്ങുന്നുണ്ട്. അതില്‍ അന്‍പതിലധികം സ്ത്രീകളുണ്ട്. ഇവര്‍ നഗരത്തിലെ പല വീടുകളിലും മത്സ്യം കൊണ്ട് ചെന്ന് വില്‍ക്കാറുണ്ട്. അതിനാല്‍ തങ്ങളില്‍ പലര്‍ക്കും പേടിയുണ്ടെന്ന് നാട്ടുകാരില്‍ പലരും പറയുന്നു. ഹോള്‍സെയില്‍ വ്യാപാരിയും കുടുംബവും നിരീക്ഷണത്തിലാണെന്നും ഇവര്‍ പറഞ്ഞു.
ലോക്ഡൗണ്‍ ആരംഭിച്ചപ്പോള്‍, ഹോള്‍സെയില്‍ വ്യാപാരിയുടെ മത്സ്യ ഗോഡൗണിന് മുന്നില്‍ കച്ചവടം തുടങ്ങിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യാപാരി പതിവായി മീന്‍ എത്തിച്ച് കൊടുക്കുന്നതിനാല്‍ ഗോഡൗണ്‍ പൂട്ടിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ഗോഡൗണ്‍ പൂട്ടിക്കുകയുമായിരുന്നു. അതോടെ വ്യാപാരിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ടര്‍ഫിന് മുന്നിലായി മത്സ്യലേലം. പൊലീസില്‍ ഉള്ള സ്വാധീനം കാരണം ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍.
അതിനിടെയാണ് വ്യാപാരിയുടെ അനുജനായ മത്സ്യക്കച്ചവടക്കാരന് കൊറോണ സ്ഥിരീകരിച്ചത്. തീരദേശത്തോട് അടുത്ത് കിടക്കുന്ന വാര്‍ഡുകളാണ് കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. അവിടങ്ങളില്‍ ജനസാന്ദ്രത കൂടുതലാണ്. ബീമാപള്ളി, പൂന്തുറ, വിഴിഞ്ഞം മേഖലകളില്‍ നിന്ന് മത്സ്യം എത്തിച്ചാണ് കുമരിച്ചന്തയില്‍ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ട്രോളിംഗ് വന്നതോടെ പലര്‍ക്കും മീന്‍കിട്ടാതെയായി. തുടര്‍ന്ന് വ്യാപാരി തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച മീന്‍ ചന്തയിലുള്ള ചില കച്ചവടക്കാര്‍ വാങ്ങി വിറ്റിട്ടുണ്ട്. പക്ഷെ ഇവരാരും പുറത്ത് പോയി കച്ചവടം നടത്തിയിട്ടില്ല എന്നത് ആശ്വാസമാണ്.