മരിച്ചുപോയ അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ പ്രാര്‍ത്ഥനയോടെ ഡോക്ടറായ മകള്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്നുദിവസം

പാലക്കാട്: മരിച്ചുപോയ അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ പ്രാര്‍ത്ഥനയോടെ ഡോക്ടറായ മകള്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്നുദിവസം. ചെര്‍പ്പുളശ്ശേരിക്കടുത്ത് ചളവറയിലാണ് സംഭവം. ചളവറ സ്‌കൂളിന് സമീപം രാജ്ഭവനില്‍ റിട്ട. അധ്യാപിക ഓമന(72) ആണ് മരിച്ചത്. ഇവരുടെ മകള്‍ കവിത (42) യാണ് വീട്ടില്‍ മൂന്നുദിവസം മൃതദേഹത്തിനരികില്‍ പ്രാര്‍ത്ഥനയോടെ കഴിഞ്ഞത്. മൂന്നുദിവസമായിട്ടും മൃതദേഹം ഉയര്‍ത്തെഴുന്നേല്‍ക്കാതായതോടെ കവിത തന്നെയാണ് അയല്‍വാസികളെ വിവരമറിയിച്ചത്.

ചൊവ്വാഴ്ചയാണ് മരിച്ചതെന്നാണ് കവിത പറഞ്ഞതെങ്കിലും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതിനാല്‍ നാട്ടുകാര്‍ ആരോഗ്യവകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും പോലീസിനെയും അറിയിച്ചു. പോലീസെത്തി ചോദ്യംചെയ്തപ്പോഴാണ് ഞായറാഴ്ച രാവിലെയാണ് അമ്മ മരിച്ചതെന്ന വിവരം മകള്‍ വെളിപ്പെടുത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് പരിശോധനയ്ക്കു ശേഷമേ ഇന്‍ക്വസ്റ്റ്്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ സ്വീകരിക്കുകയുള്ളു. നിലവില്‍ മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് കരുതുന്നതെന്ന് ചെര്‍പ്പുളശ്ശേരി പോലീസ് അറിയിച്ചു. ചളവറ യു.പി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപികയാണ് ഓമന. ഇവര്‍ ഗുരുതരമായ പ്രമേഹരോഗ ബാധിതയാണ്. പ്രമേഹത്തെ തുടര്‍ന്ന് ഓമനയുടെ ഒരു കാല്‍പാദം മുറിച്ചു മാറ്റിയിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ഹോമിയോ ഡോക്ടറായ കവിത നേരത്തെ പ്രാക്ടീസ് ചെയ്തിരുന്നു. ക്രിസ്ത്യന്‍ മതവിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് ഇവര്‍.

പരേതനായ ശ്രീധരന്‍പിള്ളയാണ് ഓമനയുടെ ഭര്‍ത്താവ്. കാഞ്ഞിരപ്പുഴ ഇറിഗേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം സര്‍വ്വീസിലിരിക്കെയാണ് മരിച്ചത്. അയല്‍വാസികളുമായി ഇവര്‍ക്ക് കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. മാനസികാരോഗ്യത്തിന് ചികിത്സതേടിയിരുന്നതായും പറയുന്നു. അസ്വഭാവിക മരണത്തിന് ചെര്‍പ്പുളശേരി പോലീസ് കേസെടുത്തു.

Related posts

Leave a Comment