രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളില്‍ 10,956 പുതിയ കേസുകള്‍, 396 മരണം

ന്യൂഡല്‍ഹി: ( 12/06/2020) രാജ്യത്ത് കോവിഡ് രോഗികള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 10,956 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച്‌ ഇതാദ്യമായാണ് പ്രതിദിന വര്‍ധന പതിനായിരം കടക്കുന്നത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. 396 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 8497 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് നാലാമതാണ്. പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനേയും സ്‌പെയിനിനേയും മറികടന്നാണ് നാലാമതെത്തിയത്. ഇന്ത്യയില്‍ മെയ് 24 മുതല്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്നേ ദിവസം പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ കേവലം 18 ദിവസം കൊണ്ട് നാലാം സ്ഥാനത്തെത്തി. രോഗ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും റഷ്യയുമാണ് ഇനി ഇന്ത്യയ്ക്ക് മുന്നില്‍ ഉള്ളത്. അമേരിക്കയില്‍ 20.89 ലക്ഷം, ബ്രസീലില്‍ 8.05 ലക്ഷം, റഷ്യയില്‍ 5.02 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം.

കോവിഡ് കേസുകള്‍ ഈ വിധം ഉയര്‍ന്നാല്‍ മെഡിക്കല്‍ സംവിധാനത്തിന് കൂടുതല്‍ വെല്ലുവിളിയാകുമെന്ന് ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് ,ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഓഗസ്റ്റിന് മുന്‍പേ വെന്റിലേറ്ററുകളും, തീവ്രപരിചരണ വിഭാഗവും നിറയുമെന്ന് കേന്ദ്രം ആശങ്കപ്പെടുന്നു.

Related posts

Leave a Comment