തിരുവനന്തപുരം : ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍റെറി സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്. 17.925 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബഹുനില മന്ദിരം വീഡിയോകോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി നിര്‍മ്മിച്ച ഹൈടെക് ബഹുനിലമന്ദിരം കൂടി പ്രവര്‍ത്തനക്ഷമമായതോടെ കോട്ടണ്‍ഹില്‍ സ്‌കൂളിലെ പഠനപ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാകാന്‍ സഹായിക്കും.
കോവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും സമയമെടുക്കും. വിദ്യാര്‍ത്ഥികളെ പഠനാന്തരീക്ഷത്തിലേക്ക് തിരികെയത്തിക്കാനാരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വലിയ അംഗീകരമാണ് ലഭിച്ചത്. ടി.വിയോ മൊബൈല്‍ഫോണ്‍ സൗകര്യമോ ഇല്ലാത്ത കുട്ടികള്‍ക്ക് അവ ലഭ്യമാക്കുന്നതിന് പ്രാദേശിക സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ ലഭ്യമാക്കിയ 1,20,000 ലാപ്ടോപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ആര്‍ക്കും ക്ലാസുകള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകില്ല.
ആധുനികരീതിയില്‍ മൂന്ന് നിലകളിലായി പണിത കെട്ടിടത്തിന് 77,263 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണുള്ളത്. ഒന്നാം നിലയില്‍ പ്രിന്‍സിപ്പല്‍ റൂം, ഫ്രണ്ട് ഓഫീസ്, വിശാലമായ ലോബി, ആര്‍ട്ട് ഗ്യാലറി, ഓഫീസ് റൂം കം അഡ്മിനിസ്ട്രേഷന്‍, ടീച്ചേഴ്സ് റൂം, അഞ്ച് കമ്ബ്യൂട്ടര്‍ ലാബുകള്‍, സ്റ്റോര്‍ റൂം, അഞ്ച് ക്ലാസ് മുറികള്‍, ബാഡ്മിന്റണ്‍ കോര്‍ട്ട് ആയി ഉപയോഗിക്കത്തക്ക വിധത്തിലുള്ള മൂന്ന് കോര്‍ട്ട് യാര്‍ഡുകള്‍ എന്നിവയാണുള്ളത്.
രണ്ടാം നിലയില്‍ വിശാലമായ ലോബി, രണ്ട് ടീച്ചേഴ്സ് റൂമുകള്‍, സ്പോര്‍ട്ട്സ് റൂം, ബയോളജി ലാബ്, 20 ക്ലാസ്മുറികള്‍, സ്റ്റോര്‍ റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. മൂന്നാം നിലയില്‍ ടീച്ചേഴ്സ് റൂം, സ്റ്റോര്‍ റൂം, 16 ക്ലാസ് മുറികള്‍, 150 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, പാന്‍ട്രി, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുമുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കായി 20 വീതം ശൗചാലയങ്ങളും ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശൗചാലയവും ഓരോ നിലയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായി പ്രത്യേകം ശൗചാലയങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
ക്ലാസ് റൂമുകളിലും ലാബുകളിലും അലമാര ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു ലക്ഷം ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന വാട്ടര്‍ ടാങ്ക്, സെപ്റ്റിക് ടാങ്ക് മുതലായവയും ക്രമീകരിച്ചിട്ടുണ്ട്. കെട്ടിടത്തിനു ചുറ്റും തറയോട് പാകി മനോഹരമാക്കി. കെട്ടിടത്തിന്റെ രൂപകല്പന പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക്ചറല്‍ വിഭാഗവും സ്ട്രക്ചറല്‍ സിഡൈന്‍ ഡി.ആര്‍.ഐ.ക്യു ബോര്‍ഡുമാണ് നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പിലെ പ്രത്യേക കെട്ടിട വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍വഹിച്ചത്.