2.56 ലക്ഷം കവിഞ്ഞ് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 9,983 പേർക്ക് രോഗം

ന്യൂഡൽഹി∙ തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം 9,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,983 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കേസുകള്‍ 2.56 ലക്ഷം കവിഞ്ഞു – കേസുകളുടെ എണ്ണം 2,56,611 ആയി. കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയ്നിനെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ 206 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 7,135 ആയി. നിലവിൽ1,25,381 പേരാണു ചികിത്സയിലുള്ളത്. ഇതുവരെ 1,24,094 പേർ രോഗമുക്തരായി.

ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറിനിടെ 3,007 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്ര ചൈനയെ മറികടന്നു. രോഗബാധിതരുടെ എണ്ണം 85,975 ആയി ഉയർന്നു. ചൈനയിൽ രോഗബാധിതരുടെ എണ്ണം 84,191 ആണ്. സംസ്ഥാനത്ത് ഇതുവരെ 3,060 പേർ മരിച്ചു. 43,591 പേരാണ് ചികിത്സയിലുള്ളത്. 39,314 പേർ രോഗമുക്തരായി.

രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 31,667 ആയി. 1,515 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 18 പേർ കൂടി മരിച്ചതോടെ മരിച്ചവരുടെ ആകെ എണ്ണം 269 ആയി ഉയർന്നു. 27,654 കേസുകളുള്ള ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്. സംസ്ഥാനത്ത് ഇതുവരെ 761 മരണം റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ രോഗികളുടെ എണ്ണം 20,070 ആയി. ഇതുവരെ 1,249 പേർ മരിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഗുജറാത്തിലാണ്.

Related posts

Leave a Comment