മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് ബാധിതരായത് 3,000 പോലിസുകാര്‍; 33 പേര്‍ മരണപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ 3,000 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആകെ 33 പോലിസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായി മരിച്ചത്. ഇതില്‍ 18 പേര്‍ മുംബൈ പോലിസ് സേനയില്‍നിന്നുള്ളവരാണ്. 196 പോലിസ് ഉദ്യോഗസ്ഥരുള്‍പ്പടെ സേനയിലെ 1,497 പേരാണ് കൊവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്. ഇതെത്തുടര്‍ന്ന് 50-55 വയസിനിടയിലുള്ള പോലിസ് ഉദ്യോഗസ്ഥരെ ഇനിമുതല്‍ സാധാരണ ജോലികള്‍ക്ക് മാത്രമേ നിയോഗിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

55 വയസിന് മുകളിലുളള ഉദ്യോഗസ്ഥര്‍ക്ക് ശമ്ബളത്തോടുകൂടിയുള്ള ലീവ് അനുവദിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച്‌ ഇത്രയും പോലിസ് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടുവെന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. കഴിഞ്ഞ മൂന്നുമാസമായി പോലിസ് ഉദ്യോഗസ്ഥരെ ക്വാറന്റൈന്‍, ഐസൊലേഷന്‍ ഡ്യൂട്ടികള്‍ക്കായാണ് നിയോഗിച്ചിരുന്നത്. ഇതുമൂലമാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാവാനുള്ള കാരണം. ലോക്ക് ഡൗണ്‍ കാലത്ത് 260 പോലിസുകാര്‍ക്കെതിരേ ആക്രമണമുണ്ടായി. ഇതിന്റെ പേരില്‍ 841 പേരെ അറസ്റ്റുചെയ്തു. 86 പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റിരുന്നത്. കൂടാതെ സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് 45 ആരോഗ്യപ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആകെ 1,23,424 കേസുകളാണ് പോലിസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,330 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന്റെ പേരിലാണ്. 23,866 പേരെ അറസ്റ്റുചെയ്യുകയും 80,000 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. വിവിധ കേസുകളിലായി പോലിസ് 6.62 കോടി രൂപ പിഴയായി ഈടാക്കി. ലോക്ക് ഡൗണ്‍ സമയത്ത് കൊവിഡ് -19 മായി ബന്ധപ്പെട്ട് പോലിസ് കണ്‍ട്രോള്‍ റൂമുകളിലെ ഉദ്യോഗസ്ഥര്‍ ഒരുലക്ഷം കോളുകള്‍ക്കുളള ചോദ്യങ്ങളും പരാതികളും കൈകാര്യം ചെയ്തതായും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment