കൊല്ലം: മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്‍പെ അഞ്ചലില്‍ വീണ്ടും കൊലപാതകം, ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചതായാണ് പ്രാഥമിക വിവരം. അഞ്ചല്‍ ഇടമുളയ്ക്കല്‍ കൈപ്പള്ളി ജംഗ്ഷനിലെ വാടക വീട്ടിലെ താമസക്കാരായ സുനിലും(34) ഭാര്യ സുജിനിയുമാണ്(24) മരിച്ചത്. സുജിനിയെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ പാല്‍ വാങ്ങി മടങ്ങുന്ന സുനിലിനെ കണ്ടവരുണ്ട്. ഇതിന് ശേഷമാണ് വീട്ടിലെത്തി തൂങ്ങി മരിച്ചത്.
രാത്രിയില്‍ സുനിലും സുജിനിയും തമ്മില്‍ വഴക്കുണ്ടാവുകയും അടിയേറ്റ് സുജിനി വീണതാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ തറയില്‍ സുജിനിയെ മരിച്ച നിലയില്‍ കണ്ടതുകൊണ്ടാകും സുനില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് കരുതുന്നത്. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക്- ഫിംഗര്‍പ്രിന്റ് വിഭാഗങ്ങള്‍ ഉടനെത്തും. ഇന്‍ക്വിസ്റ്റിന് ശേഷമേ കൂടുതല്‍ വ്യക്തത വരികയുള്ളൂ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകും. അഞ്ചല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊട്ടാരക്കര ഡിവൈ.എസ്.പി നസറുദ്ദീനും സ്പെഷ്യല്‍ അന്വേഷണ ടീമും ഇവിടേക്ക് തിരിച്ചിട്ടുണ്ട്.