കൊല്ലം: ഉത്രയെക്കൊലപ്പെടുത്താന് സൂരജ് പദ്ധതിയിട്ടത് ഏഴ് മാസം മുന്‍പ്. അന്നുമുതല്‍ പാമ്പുകളുടെ വിവരങ്ങള്‍ തേടുകയായിരുന്നു സൂരജെന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടു. യൂട്യൂബില്‍ അധികം സെർച്ച് ചെയ്തത് പാമ്പുകളെപ്പറ്റിയാണ്. പാമ്പ് പിടുത്തക്കാരന് ചാത്തന്നൂര്‍ കല്ലുവാതുക്കല്‍ സ്വദേശി സുരേഷുമായി ബന്ധം തുടങ്ങിയത് അങ്ങനെയാണ്. സുരേഷിന്റെ അടുത്ത് പോയി പാമ്പുകളെ കളിപ്പിച്ചിട്ടുണ്ട്.
യൂട്യൂബിലൂടെയും സുരേഷില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും ഓരോ പാമ്പുകളുടെയും വിഷത്തെപ്പറ്റിയും ബോദ്ധ്യപ്പെട്ടു. വിഷമേറ്റാല്‍ എത്ര മണിക്കൂറിനകം മരണപ്പെടുമെന്ന് പൂര്‍ണ ബോദ്ധ്യത്തോടെയാണ് ആദ്യം അണലിയെ വിലകൊടുത്ത് വാങ്ങിയത്. അണലി കടിച്ച് ഉത്ര മരണപ്പെടാനുള്ള സമയമെത്തിയപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ സൂരജിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ഉത്ര ജീവിതത്തിലേക്ക് തിരികെവന്നു.
പദ്ധതി പൊളിഞ്ഞുപോയതിന്റെ വിഷമത്തിലായിരുന്നു സൂരജ്. സുരേഷിനെ സമീപിച്ച് വീണ്ടും മൂര്‍ഖന്‍ പാമ്പിനെ വിലയ്ക്ക് വാങ്ങി. ഏനാത്ത് വച്ചാണ് കൈമാറ്റം നടത്തിയത്. ഈ പാമ്പുമായി ഉത്രയുടെ അഞ്ചലിലെ വീട്ടിലേക്കെത്തി. ബാഗില്‍ പ്ളാസ്റ്റിക് ടപ്പയ്ക്കുള്ളില് ഒളിപ്പിച്ചുവച്ചിരുന്ന പാമ്പിനെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്ര കിടന്ന കട്ടിലിലേക്ക് കുടഞ്ഞിട്ടത്. ഫണം വിടര്‍ത്തി രണ്ടുതവണയും മൂര്‍ഖന്‍ ഉത്രയെ ആഞ്ഞുകൊത്തുമ്പോഴും ഇത്തവണ തന്റെ ലക്ഷ്യം സാധ്യമാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സൂരജ്.
കൊത്തിയ ശേഷം പാമ്പിനെ വീണ്ടും ടപ്പയ്ക്കുള്ളിലാക്കി മാറ്റാനായിരുന്നു ശ്രമം. വിഷം തീണ്ടിയതിന്റെ ചികിത്സയിലുള്ള ഉത്ര മരണപ്പെട്ടുവെന്ന് മാത്രം എല്ലാവരെയും വിശ്വസിപ്പിക്കാമെന്ന് കണക്കുകൂട്ടി. എന്നാല്‍ സൂരജിന് നേരെ പാമ്പ് കൊത്താനൊരുങ്ങിയപ്പോള് ഉള്ളില്‍ ഭീതിവന്നു. അതോടെ അതിനെ വീണ്ടും ടപ്പയ്ക്കുള്ളിലാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. രാവിലെ മുറിയ്ക്കുള്ളില്‍ നിന്നും മൂര്‍ഖനെ സൂരജ് തന്നെ തല്ലിക്കൊന്നു.
രണ്ടാമതും ഉത്രയ്ക്ക് പാമ്പ് കടിയേറ്റതാണ് പിന്നീട് സംശയങ്ങള്‍ക്കും ആസൂത്രിത കൊലപാതകമെന്ന നിലയിലേക്കുമെത്തിച്ചത്. ഉത്രയെ സൂരജ് വിവാഹം ചെയ്തത് സ്വത്ത് മോഹിച്ചായിരുന്നു. സ്വര്‍ണവും പണവും കാറും റബ്ബര്‍ തോട്ടവും പിതാവിന് ഓട്ടോയുമൊക്കെ ഉത്രയുടെ ബന്ധുക്കള്‍ വേണ്ടുവോളം നല്കി. ഹൈസ്കൂള്‍ പ്രഥമാദ്ധ്യാപികയായ ഉത്രയുടെ മാതാവ് ഈ മാസം സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കയാണ്. പെന്ഷന് തുകയും തനിയ്ക്ക് ലഭിക്കുമെന്നും സൂരജ് കണക്കുകൂട്ടിയിരുന്നു. വലിയ പ്രതീക്ഷകളോടെ നടത്തിയ അരുംകൊലയാണ് പൊലീസിന്റെ കൃത്യമായ അന്വേഷണത്തില്‍ തെളിഞ്ഞതും സൂരജ് അകത്തായതും.