സര്‍ക്കാരും താരങ്ങളും രക്ഷിക്കണം; സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവുമായി ഫിലിം ചേംബര്‍

തിരുവനന്തപുരം: സിനിമ വ്യവസായം ലോക്ക് ഡൗണിനെ തുടര്‍ന്ന് നിലച്ചിട്ടും സര്‍ക്കാര്‍ ദിവസവേതന തൊഴിലാളികളെ സഹായിക്കുന്നില്ലെന്ന ആരോപണവുമായി ഫിലിംചേംബര്‍. കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന നിര്‍മാതാക്കളെ സഹായിക്കാന്‍ താരങ്ങളും രംഗത്തു വരണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെട്ടു. മലയാളത്തിലെ ചില പ്രമുഖ താരങ്ങള്‍ ദിവസവേതനക്കാരെ സഹായിക്കാന്‍ രംഗത്തുവന്നിരുന്നു. പക്ഷേ അതുകൊണ്ടു മാത്രം ഈ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നാണ് ഫിലിം ചേംബര്‍ വിലയിരുത്തുന്നത്.

അടഞ്ഞുകിടക്കുന്ന തീയേറ്ററുകളുടെ ലൈസന്‍സ് പുതുക്കല്‍, വൈദ്യുതി ചാര്‍ജ് ഈടാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇളവ് നല്‍കണമെന്നും ചേംബര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും കാര്യമായ പ്രതികരണം സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. കൂടാതെ ലോക് ഡൗണ്‍ സാഹചര്യത്തില്‍ സിനിമയിലെ നിര്‍മാതാക്കള്‍ നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ താരങ്ങള്‍ സഹായവുമായി രംഗത്തു വരണമെന്നും ഫിലിം ചേംബര്‍ ആവശ്യമുന്നയിക്കുന്നു.

സര്‍ക്കാര്‍ കൃത്യമായൊരു സാമ്ബത്തിക പാക്കേജ് കൊണ്ടു വരണമെന്നാണ് ചേംബര്‍ ആവശ്യം. കാലാകാലങ്ങളായി നികുതി ഇനത്തില്‍ വിലയൊരു തുക സര്‍ക്കാരിലെത്തിക്കുന്നത് സിനിമാവ്യവസായമാണ്. അതുകൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ ദിവസവേതനക്കാരുടെ കാര്യത്തിലെങ്കിലും ഇടപെടണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നു.

Related posts

Leave a Comment