മുംബൈ: മഹാരാഷ്ട്രയില്‍ ഇതുവരെ 1001 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ 851പേര്‍ ചികിത്സയിലാണ്. 142പേര്‍ക്ക് രോഗം ഭേദമായപ്പോള്‍, എട്ടുപേര്‍ മരണത്തിന് കീഴടങ്ങി. കോവിഡ് ബാധിച്ചതില്‍ 107 ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. ഇതില്‍ 89പേര്‍ ചികിത്സയിലാണ്. 18പേര്‍ രോഗമുക്തരായി.
അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും വര്‍ദ്ധിക്കുകയാണ്. 218 തവണ പൊലീസിനു നേരെ ആക്രമണമുണ്ടായി. 770പേരെ അറസ്റ്റ് ചെയ്തു.
ലോക്ക്ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് 106,569 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 699പേര്‍ക്ക് എതിരെ ക്വാറന്റൈന്‍ ലംഘിച്ചതിന് കേസെടുത്തു.
സംസ്ഥാനത്ത് 25,922പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മുംബൈയില്‍ മാത്രം 15,747 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധാരാവില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരമായി.
തുടര്‍ച്ചയായി എട്ടാം ദിവസവും സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അത് 1100, 1200 ആയിരുന്നെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1495 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.