പ്രിയനുമൊത്തു കണ്ട സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു ഗീത യാത്രയായി; രണ്ടു ദശാബ്ദത്തോളം തന്റെ പാതിയായി ജീവിച്ചവളെ അവസാനമായി ഒരു നോക്കു കാണാന്‍ ഒരു വിമാനടിക്കറ്റിനായി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വിജയകുമാര്‍ പ്രവാസ ലോകത്തും

കൊല്ലങ്കോട് : മക്കളില്ലാത്തതിന്റെ വേദനയ്ക്കിടയില്‍ സുഖദുഃഖങ്ങളിലും ഇണക്കവും പിണക്കവുമായി ഒപ്പം നിന്നവള്‍ പോയിരിക്കുന്നു. കഴിഞ്ഞ ലീവിനു വന്നപ്പോള്‍ തറകെട്ടി ഒരുക്കിയ വീടിന്റെ പണി ഇനി ആര്‍ക്കു വേണ്ടി പൂര്‍ത്തിയാക്കണം….

കോവിഡ് കാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്നു അകാലത്തില്‍ പൊലിഞ്ഞ ഗീതയുടെ മരണം ഇന്നു വിജയകുമാറിന്റെ മാത്രം വേദനയല്ലാതായിരിക്കുന്നു. ഭാര്യയെ അവസാനമായി ഒരു നോക്കു കാണാന്‍ ഒരു വിമാന ടിക്കറ്റിനായി കരഞ്ഞു കണ്ണു കലങ്ങിയ വിജയകുമാറിന്റെ ചിത്രം ഇന്നു പിറന്ന നാടിന്റെയും നൊമ്ബരമാണ്.

നാട്ടിലെത്താന്‍ വേണ്ടി മുട്ടാത്ത വാതിലുകളില്ലെന്ന വിജയകുമാറിന്റെ വാക്കുകള്‍ കണ്ണീരോടെയല്ലാതെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കേള്‍ക്കാനാവില്ല. അതു കൊണ്ടു തന്നെ അവര്‍ നിശ്ചയിച്ചു ഗീതയുടെ സംസ്‌കാരം വിജയകുമാര്‍ എത്തിയിട്ടു മതി. കോവിഡ് പരിശോധനകള്‍ നെഗറ്റീവ് ആയെങ്കിലും 17നു വിജയകുമാറിന് എത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മൃതദേഹം പൊലീസിന്റെ പ്രത്യേക അനുമതിയോടെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

ഗീതയുടെ ഭര്‍ത്താവ് വിജയകുമാര്‍ ജീവിതത്തിന്റെ സുവര്‍ണ കാലങ്ങളിലേറെയും പ്രവാസിയായിരുന്നു. എന്നാല്‍ അവിടെ നിന്നും ഇങ്ങനെയൊരു മടങ്ങി വരവ് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസ് എന്നിവയിലൂടെ യുഎഇയിലെ എംബസി ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് ലഭിച്ചില്ല.

നാട്ടിലേക്കുള്ള വിമാനത്തില്‍ ആരുടെയെങ്കിലും യാത്ര ഒഴിവായാല്‍ അതു തനിക്കു ലഭിക്കുമോ എന്ന പ്രതീക്ഷയില്‍ വിജയകുമാര്‍ രണ്ടു ദിവസമായി ദുബായ് വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

17നുള്ള യാത്രയ്ക്ക് ടിക്കറ്റ് ഉറപ്പിക്കാം എന്നു ഇന്ത്യന്‍ എംബസി നല്‍കിയ വിശ്വാസത്തിലാണു ചൊവ്വാഴ്ച ദുബായ് വിമാനത്താവളത്തില്‍ നിന്നും വിജയകുമാര്‍ റൂമിലേക്ക് മടങ്ങിയത്.

Related posts

Leave a Comment