പാലക്കാട് വൻഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിക്കും, ബിജെപിക്ക് വോട്ട് കുത്തനെ കുറയുമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുത്തനെ കുറയുമെന്ന് വ്യക്തമാക്കി മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.

യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തില്‍ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായ പി സരിൻ അതൃപ്തി പ്രകടപ്പിച്ചതിനെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം രാഹുലുമുണ്ടായിരുന്നു.

‘സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ടാകും. ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ആ തീരുമാനത്തോട് ഉറച്ചുനില്‍ക്കും. ഹൈക്കമാൻഡ് തീരുമാനിച്ചാല്‍ ഒറ്റക്കെട്ടായി വോട്ടുപിടിക്കാൻ ഇറങ്ങും. ആരെങ്കിലും തുടക്കത്തില്‍ പരിഭവം പറഞ്ഞാലും അതുമാറിക്കോളും. വയനാട്ടില്‍ പ്രിയങ്ക തരംഗമുണ്ടാക്കും. ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കും’- അദ്ദേഹം പറഞ്ഞു. സരിൻ തന്റെ അടുത്ത സുഹൃത്താണെന്നും നല്ല പ്രത്യയശാസ്ത്ര വ്യക്തിയാണെന്നും രാഹുലും പ്രതികരിച്ചു.

അതേസമയം, കോണ്‍ഗ്രസ് വിടില്ലെന്നും ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും സരിനും വ്യക്തമാക്കി. പാർട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തുപോയിട്ടില്ലെന്നും പാർട്ടി തീരുമാനങ്ങളുടെ രീതി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തോറ്റുപോകും. പാർട്ടി വലിയ വില കൊടുക്കേണ്ടി വരും. ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ എങ്ങനെ തീരുമാനിച്ചു. പാർട്ടി മൂല്യങ്ങളിലുള്ള വിശ്വാസത്തില്‍ കോട്ടം വന്നു. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച്‌ രാഹുല്‍ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കും കത്തയച്ചുവെന്നും സരിൻ പറഞ്ഞു.

Related posts

Leave a Comment