എ.ടി.എം കൊള്ള: പ്രതികളെ ഈയാഴ്ച തൃശൂരിലെത്തിക്കും

തൃശൂര്‍: എ.ടി.എം കവര്‍ച്ചക്കേസ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ കേരള പൊലീസ് വ്യാഴാഴ്ച തമിഴ്‌നാട് കോടതിയില്‍ അപേക്ഷ നല്‍കും.

തൃശൂര്‍ സിറ്റി പൊലീസ്, റൂറല്‍ പൊലീസ് എന്നിവ സംയുക്തമായാണ് അഞ്ചു പ്രതികള്‍ക്കായി നാമക്കല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുക.

വെള്ളിയാഴ്ചയോ ശനിയാഴ്ചയോ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. ഹരിയാന സ്വദേശികളായ ഇര്‍ഫാന്‍, സബീര്‍ഖാന്‍, മുഹമ്മദ് ഇഖ്‌റം, സ്വിഗീന്‍, മുബാറിക് എന്നീ പ്രതികളെയാണ് കസ്റ്റഡിയിലെടുക്കുക.

ഏറ്റുമുട്ടലില്‍ പൊലീസിന്റെ വെടിയേറ്റ് ചികിത്സയിലുള്ള പ്രതിയായ ആസര്‍ അലിയെ പിന്നീട് മാത്രമേ കസ്റ്റഡിയിലെടുക്കൂ. കസ്റ്റഡി അപേക്ഷ നല്‍കുന്നതടക്കം കാര്യങ്ങള്‍ക്കായി സിറ്റി പൊലീസിന്റെ രണ്ട് ഇന്‍സ്‌പെക്ടര്‍മാരും റൂറല്‍ പൊലീസിന്റെ ഒരു ഇന്‍സ്‌പെക്ടറുമടങ്ങുന്ന സംഘം തമിഴ്‌നാട്ടിലെത്തി. തമിഴ്‌നാട് പൊലീസിന്റെ പക്കലുള്ള തെളിവുകളും കേരള പൊലീസ് സംഘം ശേഖരിക്കും.

തങ്ങള്‍ക്ക് പ്രതികളെ അടുത്തയാഴ്ച കസ്റ്റഡിയില്‍ മതിയെന്നാണ് തമിഴ്‌നാട് പൊലീസ് കേരള പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം ലഭിക്കേണ്ടതുള്ളതിനാലാണിത്.

ഒരു വിരലടയാളം പൊരുത്തപ്പെട്ടു

കവര്‍ച്ച നടത്താന്‍ എ.ടി.എമ്മില്‍ മൂന്ന് പ്രതികളാണ് കയറിയതെന്നാണ് പൊലീസിന്റെ സംശയം. ഇതില്‍ ഒരാളുടെ വിരലടയാളം പൊരുത്തപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സിറ്റി പൊലീസും റൂറല്‍ പൊലീസും നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഈ പ്രതി മഹാരാഷ്ട്രയില്‍ ഒരു കേസിലും പ്രതിയാണ്. ശേഷിക്കുന്ന പ്രതികളുടെ വിരലടയാളം പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

Related posts

Leave a Comment