സിദ്ദിഖിനായി കേരളത്തിന് പുറത്തേക്കും തെരച്ചില്‍; സുഹൃത്തുക്കളുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ചും അന്വേഷണം, തടസഹര്‍ജിക്കൊരുങ്ങി അതിജീവിത

കൊച്ചി: തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ വച്ച്‌ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതി നടനും അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ മുൻ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊര്‍ജിതമാക്കി പോലീസ്.

തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണസംഘം കൊച്ചിയില്‍ പരിശോധന തുടരുകയാണ്. കൊച്ചിയിലും ആലുവയിലും പ്രത്യേക ടീമുകളും അന്വേഷണം നടത്തുന്നുണ്ട്.

സിദ്ദിഖിന്റെ എറണാകുളത്തുള്ള രണ്ടു വീടുകളിലും, പോകാന്‍ സാധ്യതയുള്ള ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളിലുമായി ഒരു പകലും രാത്രിയും പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം ഫോണ്‍ സ്വിച്ച്‌ഓഫ് ചെയ്തിരുന്നു. സിനിമാ സുഹൃത്തുക്കളുടെ ഫോണ്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കേരളത്തിന് പുറത്തും സംഘം അന്വേഷണം നടത്തും.

അതേസമയം ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖ് ഇന്ന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയേക്കും. സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. വിധി പകര്‍പ്പ് കൈമാറി. സുപ്രീംകോടതി വിധി വന്നശേഷം കീഴടങ്ങുന്നതില്‍ തീരുമാനമെടുക്കാനും സാധ്യതയുണ്ട്.

ഇതിനിടെ, സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് തടസഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതിജീവിതയും വ്യക്തമാക്കി.

Related posts

Leave a Comment