വീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി ; പ്രതി പിടിയില്‍

വീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.

ഡല്‍ഹിയിലെ ഷകരര്‍പൂരിലാണ് സംഭവം. യുവതി നാട്ടില്‍ പോയ സമയത്ത് മുറിയില്‍ കയറിയ പ്രതി കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. കരണ്‍ എന്ന യുവാവാണ് പിടിയിലായത്. വാട്‌സ്‌ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതാണ് ഒളിക്യാമറ കണ്ടെത്താന്‍ കാരണമായത്.

കരണിന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതി താമസിച്ചിരുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് യുവതി ഷകര്‍പൂരില്‍ വീട് വാടകയ്‌ക്കെടുത്തത്. ഒറ്റയ്ക്ക് താസമിച്ചുവരികയായിരുന്ന യുവതി അടുത്തിടെ നാട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് തൊട്ടടുത്ത നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയുടെ മകനായ കരണിനെ ഏല്‍പ്പിച്ചിരുന്നു. താക്കോല്‍ കിട്ടിയ പ്രതി യുവതിയുടെ മുറിയില്‍ കയറി ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു.

ഏതാനും ദിവസങ്ങളായി വാട്‌സ്‌ആപ്പ് അക്കൗണ്ടില്‍ അസ്വഭാവികമായ മാറ്റങ്ങള്‍ യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ലിങ്ക്ഡ് ഡിവൈസസില്‍ തന്റേതല്ലാത്ത മറ്റൊരു ലാപ്‌ടോപ്പ് ലിങ്ക് ചെയ്തതായി കണ്ടെത്തി. ഇതോടെ യുവതി മുറിയില്‍ തിരച്ചില്‍ നടത്തിയതോടെയാണ് ക്യാമറ കണ്ടെത്തിയത്. കുളിമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ സ്ഥാപിച്ചത് കണ്ടെത്തിയ യുവതി ഉടനെ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ തിരച്ചിലിലാണ് കിടപ്പുമുറിയിലും ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്.

Related posts

Leave a Comment