‘രഞ്ജിത്ത് നഗ്നചിത്രങ്ങള്‍ എടുത്തു, അയച്ച്‌ കൊടുത്തത് നടി രേവതിക്ക്’; രഞ്ജിത്തിനെതിരെ ആരോപണങ്ങളുന്നയിച്ച യുവാവ് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്

സംവിധായകൻ രഞ്ജിത്ത് ലൈംഗീക അതിക്രമം നടത്തിയെന്ന ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്.

2012-ല്‍ ബെംഗളൂരുവില്‍ വച്ച്‌ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെനന്നായിരുന്നു യുവാവിന്റെ ആരോപണം. രഞ്ജിത്ത് തന്നെ വിവസ്ത്രനാക്കിയതിന് ശേഷം തന്റെ ചിത്രങ്ങള്‍ എടുത്ത് നടി രേവതിക്ക് അയച്ചു എന്നാണ് ആരോപിക്കുന്നത്‌. താൻ റൂമില്‍ എത്തിയപ്പോള്‍ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു, തന്റെ ഫോട്ടോ എടുത്തിട്ട് ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടി രേവതിക്കാണ്, രേവതിക്ക് നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞെന്നും യുവാവ് പറയുന്നു. രഞ്ജിത്ത് മദ്യം കുടിപ്പിച്ച്‌ തന്നെ പീഡനത്തിന് ഇരയാക്കിയെന്ന് കാണിച്ച്‌ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് യുവാവ്.

‘സംവിധായകൻ രഞ്ജിത്ത് അദ്ദേഹത്തിന്റെ റൂമില്‍ ചെന്ന എന്നോട് നഗ്നനായി നില്‍ക്കാൻ പറഞ്ഞ സമയത്ത് അദ്ദേഹം ഒരു നടിയുമായി സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ആ നടിയുടെ പേര് ഞാൻ വെളിപ്പെടുത്തിയിട്ടുണ്ട്, അത് രേവതി ആണ്. നടി രേവതി ആണ് അത് എന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. രേവതിയും രഞ്ജിത്തും തമ്മില്‍ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. രഞ്ജിത്ത് എന്റെ ഫോട്ടോ എടുത്തിട്ട് അവർക്ക് അയച്ചുകൊടുത്തു.

ഞാൻ ചോദിച്ചു ആർക്കാണ് അയക്കുന്നത് എന്ന്. അപ്പോള്‍ രഞ്ജിത്ത് പറഞ്ഞു രേവതിക്കാണ് അയച്ചത്. നിന്റെ ഫോട്ടോ കണ്ടിട്ട് രേവതിക്ക് ഇഷ്ടമായി എന്ന്. അന്ന് ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ലോക്കേഷൻ പാക്കപ്പ് നടക്കുന്ന സമയമാണ്. അതിന്റെ ഒാഡിയോ ലോഞ്ചോ മറ്റോ ആയി ബന്ധപ്പെട്ടാണ് ആള് അന്ന് അവിടെ ഉണ്ടായിരുന്നത്.” യുവാവ് പറയുന്നു.

Related posts

Leave a Comment