വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ മൊയ് വിരുന്ത്; മുജീബിലേക്കെത്തിയത് ആയിരങ്ങള്‍; ലഭിച്ചത് പ്രതീക്ഷിച്ചതിലും ഇരട്ടി തുക

ചെന്നൈ: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ വ്യത്യസ്ത മാർഗവുമായി ഡിണ്ടിഗലിലെ ഹോട്ടലുടമ. കേരളത്തിലെ ‘പണപ്പയറ്റി’നു സമാനമായ ‘മൊയ് വിരുന്ത്’ സംഘടിപ്പിച്ചാണ് മുജീബുർ റഹ്മാൻ എന്ന ഹോട്ടലുടമ ശ്രദ്ധേയനായത്.

വയനാട്ടുകാരെ സഹായിക്കാനായി നാട്ടുകാരും ഒപ്പം നിന്നതോടെ പരിപാടി വൻ ഹിറ്റായി. പ്രതീക്ഷിച്ചതിലും ഇരട്ടി തുക ലഭിച്ചെന്നും മുജീബുർ റഹ്മാൻ പറയുന്നു.

ഡിണ്ടിഗലില്‍ ‘മുജീബ്’ എന്ന ബിരിയാണിക്കട നടത്തുന്ന മുജീബുർ റഹ്മാനാണ് മൊയ് വിരുന്ത് സംഘടിപ്പിച്ചത്.1.25 ലക്ഷം ചെലവിട്ട് ബിരിയാണിയാണ് വിളമ്ബിയത്. ഹോട്ടല്‍ ഉടമകളുടെ സംഘടനയുടെയും റോട്ടറി ക്ലബിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഭക്ഷണത്തിനു വില ഈടാക്കുന്നതിനു പകരം, കഴിക്കുന്നവർ ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കി. പരിപാടിക്ക് വൻ സ്വീകരണമാണു ലഭിച്ചത്.

ആയിരക്കണക്കിനു പേർ പങ്കെടുത്ത വിരുന്നില്‍ പ്രതീക്ഷിച്ചതിലും ഇരട്ടി തുക ലഭിച്ചതായി മുജീബുർ റഹ്മാൻ പറഞ്ഞു. ചിലർ ചെക്കുകളും നല്‍കി. മുഴുവൻ തുകയും വയനാട്ടിലെ ജനങ്ങള്‍ക്കു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment