ദുരന്തഭൂമിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രചോദനമായി നഴ്സ് സബീന

ഗൂഡല്ലൂർ: പാലം ഉരുളെടുത്ത ചൂരല്‍മലയില്‍ രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനത്തില്‍ മുണ്ടക്കൈയിലേക്ക് താല്‍ക്കാലികമായി ഒരുക്കിയ വടത്തില്‍ തൂങ്ങി മറുകരയിലെത്തി, പരിക്കേറ്റവരെ പരിചരിച്ച നഴ്സ് സബീനയുടെ ആത്മധൈര്യത്തിന് കൈയടിയേറുന്നു.

ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്റർ ഫോർ ഹ്യൂമാനിറ്റി (എസ്.ടി.എസ്.എച്ച്‌) ഹെല്‍ത്ത് കെയർ ആതുര സേവന വളന്റിയർ വിഭാഗത്തിലെ നഴ്സാണ് സബീന. ഉരുള്‍ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന് എത്തിയതായിരുന്നു എസ്.ടി.എസ്.എച്ച്‌ സംഘം. പാലം തകർന്നതിനാല്‍ മുണ്ടക്കൈയിലേക്ക് വടമുപയോഗിച്ചുള്ള സിപ് ലൈൻ ഒരുക്കിയിരുന്നു. മറുകരയില്‍ ജീവനോടെ രക്ഷിച്ചവർക്ക് ചികിത്സ നല്‍കാൻ നഴ്സുമാരെ തിരയുമ്ബോഴാണ് എസ്.ടി.എച്ച്‌ സംഘം മുന്നോട്ടുവന്നത്.

മരുന്നുമായി സിപ് ലൈൻ വഴി അക്കരയെത്താൻ പുരുഷ നഴ്‌സുമാർ ആരെങ്കിലുമുണ്ടോയെന്ന് അധികൃതർ അന്വേഷിച്ചപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. വനിത നഴ്സുമാർ പറ്റില്ലെന്ന് അധികൃതർ പറഞ്ഞെങ്കിലും മെഡിക്കല്‍ കിറ്റുമായി സിപ് ലൈനിലൂടെ ശക്തമായ ഒഴുക്കുള്ള പുഴകടക്കാൻ പോകാൻ സബീന ധൈര്യപൂർവം മുന്നോട്ടുവരുകയായിരുന്നു. അക്കരയെത്തിയ സബീനക്ക് പരുക്കുകളോടെ രക്ഷപ്പെടുത്തിയ 35 പേർക്ക് പ്രഥമിക ശുശ്രൂഷ നല്‍കാൻ കഴിഞ്ഞു. സബീനയുടെ ധൈര്യം മറ്റുള്ളവർക്കും പ്രചോദനമാവുകയായിരുന്നു.

പിന്നീട് എത്തിയ ഡോക്ടർമാരും പുരുഷ നഴ്‌സുമാരും സിപ് ലൈൻ വഴി അക്കരകടക്കാൻ ധൈര്യപ്പെടുകയായിരുന്നു. സബീനയുടെ സാഹസ പ്രകടനം സമൂഹമാധ്യമങ്ങളിലും തമിഴ്നാട്ടിലെ വാർത്താ ചാനലുകളിലും ഇടംപിടിച്ചതോടെ നീലഗിരി ജില്ല ഭരണകൂടം അവരെ ആദരിക്കാൻ ക്ഷണിച്ചിട്ടുണ്ട്. 40 കാരിയായ സബീന ഗൂഡല്ലൂർ ചെവിടിപേട്ടയിലാണ് താമസിക്കുന്നത്. നഴ്സിങ്ങിന് പഠിക്കുന്ന ഒരു മകളുണ്ട്. അർബുദംമൂലം ദുരിതമനുഭവിക്കുന്ന രോഗികളെ പരിചരിക്കുന്ന എസ്.ടിഎസ്.എച്ച്‌ വിഭാഗത്തിലെ സാന്ത്വന സേവന വിഭാഗത്തില്‍ മൂന്നുവർഷമായി സബീന ജോലി ചെയ്യുന്നു.

Related posts

Leave a Comment