തിരുവനന്തപുരം: രണ്ട് മാസത്തിനിടെ 15-ഓളം ക്ഷേത്രങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജിബിനാണ് അറസ്റ്റിലായത്. വട്ടപ്പാറ വേങ്കോട് നിന്നാണ് പ്രതിയെ പിടികൂടിയത്.
ജൂണ്‍ 15-ന് ഒഴുകുപാറ വലിയ ആയിരവല്ലി ക്ഷേത്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ അമ്ബതോളം നിലവിളക്കുകളും പൂജാപാത്രങ്ങളും പ്രതി മോഷ്ടിച്ചിരുന്നു.
പിന്നീട് ജൂലൈ ഏഴിന് കൊഞ്ചിറ ആയിരവല്ലി ക്ഷേത്രത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വർണാഭരണങ്ങളും പ്രതി മോഷ്ടിച്ചു. തൊട്ടടുത്ത ദിവസം പെരുംകൂർ ക്ഷേത്രത്തില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ അമ്ബതോളം നിലവിളക്കുകളും ഇയാള്‍ കവർന്നിരുന്നു. ഇത്തരത്തില്‍ 15 സ്ഥലത്താണ് പ്രതി മോഷണം നടത്തിയത്.
പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. നെടുമങ്ങാട് സ്വദേശിയായ യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ച് വ്യാജ നമ്ബർ പതിപ്പിച്ച് അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുള്ളവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.