തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ജോയി എന്ന കരാര്‍
ശുചീകരണ തൊഴിലാളിയുടെ ശരീരം അഴുക്ക് ചാലില്‍ നിന്ന് കണ്ടെത്തിയ സംഭവം അതീവ ഖേദകരവും മാപ്പര്‍ഹിക്കാത്ത കുറ്റവുമാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരന്‍.
സമാനതകളില്ലാത്ത അപകടം തന്നെയാണ് ആമയിഞ്ചാന്‍ തോട്ടില്‍ സംഭവിച്ചിരിക്കുന്നതെന്നും ഈ സംഭവം
കേരളസര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെ തുറന്ന് കാട്ടുന്നതെന്നും രാജീവ് ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
ശുചീകരണതൊഴിലാളി തോട്ടില്‍ വീണ് മൂന്നാം ദിവസമാണ് കണ്ടെടുത്തതെന്നത് അതീവ ഖേദകരമാണ്.
ഒരിക്കല്‍ തുറന്നെതിര്‍ത്തിരുന്ന വിഴിഞ്ഞം തുറമുഖത്ത് ക്രയിന്‍ വരുന്നതും കപ്പലിന്റെ ട്രയല്‍റണ്ണുമെല്ലാം വന്‍
പരിപാടിയാക്കി ആഘോഷിച്ച ഇടതുപക്ഷവും, കേരളത്തില്‍ വികസനം കൊണ്ടുവന്നത് തങ്ങളാണെന്ന് മേനി
പറയുന്ന വലതുപക്ഷവും ഇതുവരെ തലസ്ഥാനത്ത് ഫലപ്രദമായി അഴുക്ക് ചാലുകള്‍ പോലും നിര്‍മ്മിച്ചിട്ടില്ല.
സാങ്കേതികരംഗത്തും ഭരണനിര്‍വ്വഹണത്തിലും ലോകം അതിവേഗം കുതിക്കുമ്ബോള്‍ അപരിഷ്‌കൃതമായ
രീതിയില്‍ ആണ് നമ്മുടെ സംസ്ഥാനത്തെ ശുചീകരണമടക്കമുള്ള അടിസ്ഥാന സൗകര്യ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണവും കൈയ്യാളുന്ന സിപിഎം ആമയിഞ്ചാനിലെ പരാജയം കൂടി ഏറ്റെടുക്കാനുള്ള രാഷ്ട്രീയധാര്‍മ്മികത കാട്ടണമെന്നും പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന ശ്രീ. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണകെടുകാര്യസ്ഥതയ്ക്ക് ബലിയാടാകേണ്ടി
വരുന്നത് ഉപജീവനത്തിനായി ജോലിക്കിറങ്ങുന്ന പാവപ്പെട്ട ആളുകളാണെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു.
തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവര്‍ തന്നെ കേരളം ഭരിക്കുമ്ബോള്‍ ആണ് ഈ ദുരവസ്ഥയെന്നത് തികച്ചും പരിഹാസ്യമാണ്.
സ്മാര്‍ട് സിറ്റിയുടെ പേരില്‍ കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് നഗരത്തിലെ മിക്ക റോഡുകളും
വന്‍കുഴികളാക്കി തീര്‍ത്തതിന്റെ ദുരിതം ഈ മഴക്കാലത്ത് നഗരവാസികള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പ് നാട്ടുകാര്‍ക്ക് പൊതുശല്യ വകുപ്പായിട്ടുണ്ട്.
ഭരണ സിരാകേന്ദ്രത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലെ കാര്യം പറയേണ്ടതില്ലല്ലോ.
രാജ്യത്ത് സ്വച്ഛഭാരത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിജി കഴിഞ്ഞ പത്തുവര്‍ഷമായി മുന്നോട്ട് പോവുകയാണ്.
എന്നാല്‍ മാലിന്യസംസ്‌കരണ-നിര്‍മ്മാര്‍ജ്ജന രംഗത്ത് കേരളത്തിന്റെ പാപ്പരത്തമാണ് നമുക്ക് ഇപ്പോഴും കാണാന്‍ കഴിയുന്നത്.
രക്ഷാദൗത്യമെന്ന് കൊട്ടിഘോഷിച്ച പ്രചാരണം മൂന്നാം നാള്‍ പരാജയപ്പെട്ട് നാവിക സേനയുടെ സഹായമഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഒരു അപകടം നടന്നയുടന്‍ പഴിചാരുന്നതിനല്ല, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണം പ്രഥമ പരിഗണനയെന്നത് കണക്കിലെടുത്താണ് ഇതുവരേയും കാത്തിരുന്നത്.
പക്ഷേ തിരുവനന്തപുരം ജില്ലയിലെ സര്‍വ്വജനങ്ങളും നടുക്കത്തോടെ മാത്രമറിഞ്ഞ ഈ വാര്‍ത്തയോട് ഇനിയും
പ്രതികരിക്കാതിരിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കുന്നതല്ല എന്ന് ഞാന്‍ കരുതുന്നതായും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറയുന്നു.