തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുള്ളില്‍ ഒന്നര ദിവസം രോഗി കുടുങ്ങി. ഓർത്തോ ഒപിയില്‍ വന്ന ഉള്ളൂർ സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റില്‍ അകപ്പെട്ടത്.
ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്‌നം പരിഹരിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റിനുള്ളില്‍ ഒരാള്‍ അകപ്പെട്ടതായി കാണുന്നത്.
നടുവേദനയെ തുടർന്നാണ് രവീന്ദ്രൻ ശനിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. ലാബില്‍ പോകാനായിരുന്നു രവീന്ദ്രൻ നായർ ലിഫ്റ്റില്‍ കയറിയത്.
ലിഫ്റ്റില്‍ കയറി കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു ശബ്ദത്തോടെ ലിഫ്റ്റ് നില്‍ക്കുകയായിരുന്നുവെന്നും ഒരുപാട് തവണ വാതിലില്‍ മുട്ടിയെങ്കിലും ആരും എത്തിയില്ലെന്നും രവീന്ദ്രൻ നായർ പറയുന്നു.
രവീന്ദ്രന്റെ ഫോണ്‍ നിലത്തുവീണു പൊട്ടിയിരുന്നതിനാല്‍ അദ്ദേഹത്തിന് ആരെയും ബന്ധപ്പെടാനായിരുന്നില്ല.
രവീന്ദ്രൻ നായരെ ഇപ്പോള്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, ഇന്നലെ രാത്രിയോടെ രവീന്ദ്രൻ നായരെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു.
ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വാദം.
കൂടാതെ, വിഷയം അന്വേഷിക്കാമെന്നാണ് സൂപ്രണ്ടിന്റെ മറുപടി.