ജീര്‍ണിച്ച അവസ്ഥയില്‍ ജോയിയുടെ മൃതദേഹം; ആദ്യം കണ്ടത് ശുചീകരണ തൊഴിലാളികള്‍

തിരുവനന്തപുരം: ഒടുവില്‍ കാണാതായി 46 മണിക്കൂറിനുശേഷം മാരായമുട്ടം സ്വദേശി ജോയിയുടെ (47) മൃതദേഹം കണ്ടെത്തുമ്ബോള്‍ ജീർണിച്ച അവസ്ഥയിലായിരുന്നു.

ഇന്ന് രാവിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

തകരപ്പറമ്ബ് ചിത്രാ ഹോമിന്‍റെ പിറകിലെ കനാലില്‍ മാലിന്യത്തില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

തുടർന്ന് കൗണ്‍സിലർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബന്ധുക്കളും സുഹൃത്തുക്കളും എത്തി മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു.

ആമയിഴഞ്ചാന്‍ തോട്ടില്‍ ശനിയാഴ്ച രാവിലെ 11ഓടെയാണ് റെയില്‍വേ കരാർ നല്‍കിയതുപ്രകാരം ജോയി ഉള്‍പ്പെടെ നാലുപേർ ശുചീകരണത്തിനിറങ്ങിയത്.

മഴയില്‍ തോട്ടിലെ ജലനിരപ്പുയരുകയും അടിയൊഴുക്കിനെ തുടർന്ന് ജോയി ഒഴുകിപ്പോകുകയായിരുന്നു.

എൻ.ഡി.ആർ.എഫിന്‍റെയും അഗ്നിരക്ഷാസേനയും തിരിച്ചിലിനിറങ്ങിയെങ്കിലും തോട്ടിലെ കുന്നോളം മാലിന്യം ശ്രമം ദുഷ്കരമാക്കി.

12 അംഗ സ്കൂബ ഡൈവിങ് സംഘം റെയില്‍വേ സ്റ്റേഷന് അടിയിലൂടെ കടന്നുപോകുന്ന തുരങ്കത്തില്‍ മണിക്കൂറുകളോളം തിരഞ്ഞിട്ടും ഫലമുണ്ടായില്ല.

ഇതനിടെ റോബോട്ടിക് പരിശോധനയില്‍ മനുഷ്യശരീരത്തിന്‍റെ ഭാഗം കണ്ടെന്ന സംശയമുണ്ടായി. ആ സ്ഥലത്ത് സ്കൂബ സംഘം പോയി തിരഞ്ഞെങ്കിലും പിന്നീട് അതല്ലെന്ന് സ്ഥിരീകരിച്ചു.

ഒടുവില്‍ ഇന്നലെ കൊച്ചിയില്‍നിന്ന് നാവികസേനയുടെ സഹായം തേടി. ഇന്ന് രാവിലെ ആറരയോടെ തിരച്ചില്‍‌ പുനഃരാരംഭിച്ചിരുന്നു.

സ്കൂബാ സംഘവും നാവികസേനാ സംഘവും സ്ഥലത്തെത്തി അര മണിക്കൂർ പിന്നിട്ടപ്പോഴേക്കും

റെയില്‍വേയില്‍നിന്ന് വെള്ളം ഒഴുകിയെത്തുന്ന പഴവങ്ങാടി തകരപ്പറമ്ബ് ചിത്രാ ഹോമിന്‍റെ പിറകിലെ കനാലില്‍ മൃതദേഹം പൊങ്ങിയതായി വിവരം ലഭിക്കുകയായിരുന്നു.

Related posts

Leave a Comment