ചിത്തിര തോണിയില്‍ അക്കരെ പോകാൻ ക്ഷണിക്കപ്പെടുന്ന ചിറയിൻകീഴിലെ പെണ്ണിന്റെ മുഖത്തു പൊട്ടിവിരിയുന്ന അമ്ബരപ്പും പ്രതീക്ഷയും നാണവും പ്രണയവും, കനകം മൂലം കാമിനി മൂലം ദുഃഖം എന്ന തത്വജ്ഞാനം കേട്ട് നീരുറവ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍, സന്ധ്യകള്‍ ചാലിച്ച സിന്ദൂരം ചാർത്താൻ സായന്തന പുഷ്പം പോലെ വിരിഞ്ഞ അംഗലാവണ്യവും വശ്യതയും.
ഇത്രയുമെല്ലാം നിറഞ്ഞത് ഒരാളിലാണ്. മലയാളികളുടെ ഒരേയൊരു ഭാരതിയില്‍; ജയഭാരതിയില്‍. ആദ്യ സിനിമയില്‍ മുഖം കാണിക്കുമ്ബോള്‍ ‘എല്ലാ പല്ലും വന്നോ’ എന്ന് സെറ്റിലുള്ളവർ കമന്റ് ചെയ്ത പതിമൂന്നുകാരി പെണ്‍കുട്ടിക്ക് ഇന്ന് സപ്തതി.
ഈറോഡ് റിത സ്കൂളിലെ ഏഴാം ക്ലാസ്സുകാരി കുട്ടി ശശികുമാറിന്റെ ‘പെണ്മക്കളില്’ ആദ്യമായി അഭിനയിച്ചു. പല്ലടർന്നു വീണിരുന്ന തീരെ ചെറിയ കുട്ടിയെ സിനിമ കഴിഞ്ഞതും പ്രേം നസീർ ഉള്‍പ്പെടെയുള്ളവർ ഈറോഡിലേക്ക് മടക്കി അയച്ചെങ്കിലും, ജയഭാരതി എത്തേണ്ടിടത്തു വീണ്ടുമെത്തി.
പെണ്‍കുട്ടികള്‍ സിനിമാ പോസ്റ്റർ വാങ്ങാൻ കോളാമ്ബി കെട്ടിയ വണ്ടിയുടെ പിന്നാലെ ഓടിയാല്‍ ചൂരല്‍ കൊണ്ട് തൊലിപൊട്ടും വരെ അടികൊണ്ടിരുന്ന, ‘പെണ്ണുങ്ങള് സിനിമയില്‍ അഭിനയിക്കേ’ എന്ന് നെറ്റിചുളിച്ച കുടുംബങ്ങള്‍ നിറഞ്ഞ സമൂഹത്തില്‍ നിന്നും മലയാള സിനിമയുടെ റാണിമാരായ ഷീല, ശാരദ ജയഭാരതിമാർ അക്കാലത്തെ ആക്ടിവിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടാതെ പോയി.
കൊല്ലത്ത് വേരുകളുള്ള കുടുംബത്തിലെ ശിവശങ്കരൻ പിള്ളയുടെയും ശാരദയുടെയും മകള്‍ തമിഴകത്ത് നിന്നും കേരളത്തിലെ കോടമ്ബാക്കത്തേക്ക് വന്നുചേരുമ്ബോള്‍ മലയാള ഭാഷ തെല്ലും വഴങ്ങിയിരുന്നില്ല. പി. ഭാസ്കരന്റെയും സേതുമാധവന്റെയും ശ്രമഫലത്താല്‍ മലയാളത്തെ ജയഭാരതി മയപ്പെടുത്തിയെടുത്തു. ജയഭാരതിക്ക് സിനിമയില്‍ ആദ്യകാലങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നു നല്കിയതും ഭാസ്കരൻ മാഷായിരുന്നു. അദ്ദേഹത്തിന്റെ ‘കാട്ടുകുരങ്ങില്‍’ ജയഭാരതി ആദ്യമായി നായികയായി.
13ല്‍ തുടങ്ങി 19ല്‍ എത്തുമ്ബോള്‍ ജയഭാരതിക്ക് സിനിമകളുടെ എണ്ണം
100 എത്തി. ജയഭാരതി 22 വർഷങ്ങളായി മലയാള സിനിമയിലില്ല എന്ന് കേള്‍ക്കുമ്ബോള്‍ മനസിലാകും കാലത്തിന്റെ വേഗത. മോഹൻലാല്‍ ചിത്രം ‘ഒന്നാമനിലാണ്’ ജയഭാരതി ഏറ്റവും ഒടുവില്‍ വേഷമിട്ടത്.
ഇതിനിടെ സീരിയല്‍ രംഗത്തും ജയഭാരതി എന്ന മുതിർന്ന താരം അമ്മയും ഭാര്യയുമായി നിറഞ്ഞു. കിളിക്കൂട്, പെയ്തൊഴിയാതെ, ഉങ്കള് ചോയ്സ് തുടങ്ങിയ പരമ്ബരകളില്‍ ജയഭാരതി മിനി സ്ക്രീൻ പ്രേക്ഷകരെയും അവരുടെ ആരാധകരാക്കി മാറ്റി.
ജയന്റെ മുറപ്പെന്നാണ് ജയഭാരതിയെന്നത് മലയാള സിനിമാ ലോകത്തെ അധികം ചർച്ച ചെയ്യപ്പെടാതെപോയ ബന്ധമാണ്. ജയന്റെ പിതാവിന്റെ സഹോദരിയുടെ മകള്‍, അഥവാ മുറപ്പെന്നാണ് ജയഭാരതി. ‘സാര്‍, ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് അധികം പ്രചാരം കൊടുക്കരുത്.’ എന്തുകൊണ്ട് ജയഭാരതി അങ്ങനെ പറഞ്ഞു? എനിക്ക് അറിഞ്ഞുകൂടാ’ എന്ന് ഒരുവേള ശ്രീകുമാരൻ തമ്ബി പറഞ്ഞു.
നല്ലൊരു നർത്തകി കൂടിയായ ജയഭാരതി സിനിമാ തിരക്കുകളില്‍ നിന്നും അകന്നതും നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കി. 2018ല്‍ കേരളം പ്രളയക്കെടുതിയില്‍ ഉലഞ്ഞപ്പോള്‍, മുഖ്യമന്ത്രിയുടെ ചേമ്ബറിലേക്ക് ഓടിയെത്തി 10 ലക്ഷം രൂപ സംഭാവന ചെയ്യാൻ ജയഭാരതി മറന്നില്ല.
ജയഭാരതിയുടെ പാരമ്ബര്യവുമായി സഹോദരീ പുത്രനായ മുന്ന മലയാള സിനിമയിലെത്തി. ജയഭാരതി സത്താർമാരുടെ ഏക മകൻ കൃഷ് സത്താർ യു.കെയില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് താമസം.