ഡിഎല്‍എഫ് ഫ്ലാറ്റിലെ രോഗബാധ; പല ആശുപത്രിയില്‍ ചികിത്സ തേടിയതാകാം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയത്; ഗൗരവ വിഷയം, ശക്തമായ നടപടിയുണ്ടാകും

കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സാഹചര്യം

ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഇന്നലെയാണ് ഫ്‌ളാറ്റിലെ ഒരാള്‍ നേരിട്ട് ഫോണില്‍ വിളിച്ച്‌ ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച്‌ അടിയന്തരമായി ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫ്ലാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും.

രോഗബാധിതരായവർ പല ആശുപത്രികളില്‍ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയത്.

അക്കാര്യവും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് ബോധവത്ക്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഡിഎല്‍എഫ് ഫ്ലാറ്റില്‍ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ യോഗം ചേരുകയാണ്.

സംഭവത്തില്‍ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഫ്ലാറ്റില്‍ താമസിക്കുന്ന 350 പേരാണ് ഛർദ്ദിയും വയറിളക്കവുമായി ചികിത്സ തേടിയത്.

15 ടവറുകളിലായി 1,268 ഫ്ലാറ്റില്‍ 5,000-ത്തിലധികം പേർ താമസിക്കുന്ന ഫ്ലാറ്റിലാണ് രോഗബാധ.

ഫ്ലാറ്റില്‍ വിതരണം ചെയ്തിരുന്ന വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

Related posts

Leave a Comment