ന്യൂഡല്‍ഹി: തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിർദ്ദേശിച്ച് എൻഡിഎ.
മുതിർന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ് ആണ് മോദിയെ എൻഡിഎയുടെ നേതാവായി യോഗത്തില്‍ നിർദ്ദേശിച്ചത്.
നിറഞ്ഞ കയ്യടികളോടെയാണ് അംഗങ്ങള്‍ പിന്തുണച്ചത്. അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗിന്റെ നിർദ്ദേശത്തെ പിന്താങ്ങി.
തുടർന്ന് കയ്യടികളോടെ മോദിയെ നേതാവായി എൻഡിഎ അംഗങ്ങള്‍ അംഗീകരിച്ചു.
പാർലമെന്റിലെ സെൻട്രല്‍ ഹാളിലാണ് യോഗം നടന്നത്. മോദിയെ പ്രശംസിച്ചുകൊണ്ട് യോഗത്തില്‍ രാജ്നാഥ് സിങ് സംസാരിക്കുകയും ചെയ്തു.
തുടർച്ചയായി മൂന്നാം തവണയായി മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ഞായറാഴ്ചയാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ.
11.30ഓടെ രാജ്നാഥ് സിംഗും അമിത് ഷായും എൻഡിഎ എംപിമാരെ കണ്ടു. തുടർന്ന് യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവർ പാർലമെന്റലെത്തി.
എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗം ആരംഭിച്ച് ഉച്ചയ്ക്ക് 12ഓടെയാണ് മോദി എത്തിയത്.
പാർലമെന്റിലേക്ക് പ്രവേശിച്ച മോദിയെ കയ്യടികളോടെയാണ് എൻഡിഎയുടെ എംപിമാർ സ്വീകരിച്ചത്.
മോദി പാർലമെന്റിലേക്ക് കടക്കുന്ന വേളയില്‍ ഭാരത് മാതാ കീ ജയ് വിളികളും വന്ദേമാതരവും പാർലമെന്റില്‍ മുഴങ്ങിയിരുന്നു.
തുടർന്ന് മോദി എല്ലാവരെയും കൈകൂപ്പി അഭിവാദ്യം ചെയ്തു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡ പൂച്ചെണ്ട് നല്കി അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ഭരണഘടനയെ കൈകളിലെടുത്ത് വണങ്ങിയ ശേഷമാണ് മോദി വേദിയില്‍ ഉപവിഷ്ടനായത്.
”മൂന്നാം വട്ടവും മോദി സർക്കാർ” എന്ന മുദ്രാവാക്യം പാർലമെന്റില്‍ ഉയർന്നു. എൻഡിഎ സഖ്യകക്ഷികളാണ് മോദിക്കൊപ്പം വേദി പങ്കിട്ടത്.
ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും മോദിക്ക് സമീപം ഉപവിഷ്ടരായി.
സദസ്സിനെ ജെ.പി നഡ്ഡ അഭിസംബോധന ചെയ്ത ശേഷം രാജ്നാഥ് സിങ് യോഗത്തില്‍ സംസാരിച്ചു.
നരേന്ദ്ര മോദിയുടെ കാര്യക്ഷമതയും ദീർഘവീക്ഷണവും ഒരു മന്ത്രിസഭാംഗം എന്ന നിലയില്‍ അനുഭവിച്ചറിഞ്ഞതാണ് താനെന്ന് രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
പത്തുവർഷത്തെ മോദിയുടെ സേവനം ഭാരതത്തില്‍ മാത്രമല്ല ലോകം മുഴുവനും പ്രശംസ പിടിച്ചുപറ്റി.
മൂന്നാം തവണയും എൻഡിഎ സർക്കാർ വരുമ്ബോള്‍ നേതാവാകാൻ ഏറ്റവും യോഗ്യൻ നരേന്ദ്ര മോദി തന്നെയാണ്.
1962ന് ശേഷം ആദ്യമായാണ് ഒരേവ്യക്തി തന്നെ തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.
ജനകീയനായ പ്രധാനമന്ത്രി തന്നെയാണ് നമുക്ക് ലഭിക്കാൻ പോകുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എൻഡിഎയ്ക്ക് ഉള്‍പ്പെടെ പുരോഗതിയുണ്ടായി.
ശക്തവും അഭിമാനാവും സുരക്ഷിതവുമായ നേതൃത്വമാണ് നമുക്ക് ലഭിച്ചത്. രാജ്യം വികസിക്കുന്നതോടൊപ്പം ലോകത്തിന് മാതൃകയാകാനും പത്തു വർഷത്തിനിടെ ഭാരതത്തിന് കഴിഞ്ഞു.
ഉത്തരവാദിത്വം നിറവേറ്റുന്നതിന് മോദിജിയേക്കാള്‍ യോഗ്യനായ മറ്റൊരാളില്ല.
അതുകൊണ്ടുതന്നെ കക്ഷി നേതാവാകാൻ നരേന്ദ്ര മോദിയുടെ പേര് നാമനിർദ്ദേശം ചെയ്യുന്നുവെന്ന് രാജ്നാഥ്
സിങ് പറഞ്ഞു. ശേഷം സംസാരിച്ച അമിത് ഷായും നിതിൻ ഗഡ്കരിയും രാജ്നാഥ് സിംഗിന്റെ നിർദ്ദേശം പിന്താങ്ങുകയായിരുന്നു.
നരേന്ദ്ര മോദി ഇന്ത്യയുടെ യശ്ശസ് ഉയർത്തിയെന്ന് ചന്ദ്രബാബു നായിഡു യോഗത്തില്‍ പറഞ്ഞു. എൻഡിഎയുടെ
എല്ലാ മുഖ്യമന്ത്രിമാരും, ഉപമുഖ്യമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷന്മാരും ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.