പൂനെ: പുനെയില്‍ മദ്യപിച്ച് ആഡംബര വാഹനമോടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ 17കാരന്റെ അമ്മയും പിടിയില്‍.
പതിനേഴുകാരൻ്റെ അമ്മ ശിവാനി അഗർവാളാണ് ഏറ്റവും ഒടുവില്‍ കേസില്‍ അറസ്റ്റിലായിട്ടുള്ളത്.
17കാരൻ മദ്യപിച്ചില്ലെന്ന് വരുത്തിത്തീർക്കാൻ പ്രതിയുടേതിന് പകരം മാതാവിന്റെ രക്തസാംപിളാണ് പരിശോധിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
രക്ത സാംപിളില്‍ കൃത്രിമം കാട്ടിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് പതിനേഴുകാരന്റെ അമ്മ അറസ്റ്റിലായത്.
കുറ്റമേല്‍ക്കാൻ കുടുംബ ഡ്രൈവറെ നിർബന്ധിച്ചെന്ന പരാതിയില്‍ പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും ഇതിന് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
പതിനേഴുകാരൻ്റെ അച്ഛൻ വിശാല്‍ അഗർവാളും മുത്തച്ഛൻ സുരേന്ദ്ര അഗർവാളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.
പൂനെയെ ഞെട്ടിച്ച ദാരുണമായ വാഹനാപകടത്തിനു പിന്നാലെ പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ സമ്ബന്ന കുടുംബം നടത്തിയ ഗൂഡാലോചന ഒന്നൊന്നായി പുറത്തു വന്നിരുന്നു.
മെയ് 19നാണ് അപകടം നടന്നത്.
അപകടമുണ്ടാക്കുന്നതിന് മുൻപ് ബാറില്‍ നിന്ന് മദ്യപിച്ച 17കാരന്റെ രക്ത സാംപിളില്‍ മദ്യത്തിന്റെ
അംശമില്ലെന്ന് മെഡിക്കല്‍ റിപ്പോർട്ട് വന്നതോടെ പൊലീസിനെതിരെ വലിയ രീതിയിലാണ് വിമർശനം വന്നത്.
ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് സംഭവത്തിലെ ഞെട്ടിക്കുന്ന ഗൂഡാലോചന പുറത്ത് വന്നത്.