തൃശൂര്‍: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച നല്‍കാമെന്ന് നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി.
ലൂര്‍ദ് മാതാവിന്‍റെ പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണക്കിരീടം സ്വര്‍ണമല്ലെന്ന് പ്രചാരണം നടന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
‘നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ നയിക്കുകയാണ്.
കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരികെ നല്‍കി. അതുചേര്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്.
ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കില്‍ 18 കാരറ്റ് സ്വര്‍ണമായിരിക്കണം. അതിന് തയ്യാറാണ്.
അപ്പോഴും വലിയ വില വ്യത്യാസം വരില്ല. ഇനി ഇവന്മാര്‍ അത് ചുരണ്ടാന്‍ വരുമോ’ – സുരേഷ് ഗോപി ചോദിച്ചു. ‘ഒരു ഹിന്ദുവിനൊക്കെ കിരീടംവെക്കാം കേട്ടോ. അവര്‍ക്കാ പ്രശ്‌നമില്ല.
പ്രശ്‌നമുള്ളവര്‍ ഇതില്‍ അധികം ചര്‍ച്ചിക്കണ്ട’, സുരേഷ് ഗോപി പറഞ്ഞു.’എങ്ങനെയാണോ കിരീടം സമര്‍പ്പിക്കേണ്ടത് അങ്ങനെ സമര്‍പ്പിച്ചിട്ടുണ്ട്.
അത് ഞങ്ങളുടെ നേര്‍ച്ചയായിരുന്നു’- സുരേഷ് ഗോപി ഇന്നലെ പറഞ്ഞു. ‘ആചാരപ്രകാരമാണ് കിരീടം സമര്‍പ്പിച്ചത്.
നീചമായ വര്‍ഗീയ പ്രചാരണമാണ് നടക്കുന്നത്. ആരാണ് വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്ന് മനസിലായില്ലേ എത്രയോ ആളുകള്‍ ചെയ്യുന്നു.
ഞാന്‍ ചെയ്തതിനേക്കാള്‍ മേലെയും താഴെയും ചെയ്യുന്നവരുണ്ട്. മാതാവ് അത് സ്വീകരിക്കും, സുരേഷ് ഗോപിയുടെ വാക്കുകള്‍.
എന്‍റെ ത്രാണിക്കനുസരിച്ചാണ് കിരീടം നല്‍കിയത്. വിശ്വാസികള്‍ക്കത് പ്രശ്നമല്ല.
കിരീടത്തിന്‍റെ കണക്കെടുക്കാന്‍ നടക്കുന്നവര്‍ കരുവന്നൂര്‍ അടക്കം സഹകരണ ബാങ്കുകളിലേക്ക് പോകണം.
അവിടെ ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കണം’, സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞു.
ജനുവരി 15 നാണ് സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ കുടുംബത്തോടൊപ്പമെത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്.
മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് കിരീടം സമര്‍പ്പിച്ചത്.
സുരേഷ് ഗോപി മാതാവിന് സമര്‍പ്പിച്ച സ്വര്‍ണക്കിരീടത്തിലെ സ്വര്‍ണത്തിന്‍റെ അളവ് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു.
ഞായറാഴ്ച ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തില്‍ സ്വര്‍ണത്തിന്‍റെ അളവ് പരിശോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
ഇതിനു പിന്നാലെയാണ് നടപടി. കിരീടത്തിലെ സ്വര്‍ണത്തിന്‍റെ അളവ് കമ്മിറ്റി ശാസ്ത്രീയമായി പരിശോധിക്കും.
പള്ളി വികാരിയുൾപ്പെടെ അഞ്ചംഗ കമ്മിറ്റിയാണ് അന്വേഷിക്കുന്നത്.
കിരീടം ചെമ്പില്‍ സ്വർണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങിലുള്‍പ്പടെ വാര്‍ത്തകള്‍
പ്രചരിച്ചതിനും ഇടവക പ്രതിനിധി യോഗത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ
അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.