തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മൂലം മുടങ്ങിക്കിടന്ന സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. 26 സിനിമകളായിരുന്നു ലോക്ക്ഡൗണിന് മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനായി കാത്തിരുന്നത്. പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കിയത്. ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്സിങ്ങ് എന്നീ ജോലികളാണ് ആരംഭിക്കാന്‍ അനുമതി നല്‍കിയത്. ജോലികള്‍ പുനഃരാരംഭിക്കുന്നതിനു മുമ്ബ്, സ്റ്റുഡിയോകള്‍ അണുമുക്തമാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മര്‍ഗ്ഗങ്ങളായ മാസ്ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കര്‍ശ്ശനമായി പാലിച്ചാണ് സ്റ്റുഡിയോ ജോലികള്‍ പുനഃരാരംഭിച്ചത്.