സിൽവർ ലൈനിന് ഭൂമി വിട്ടുനൽകാനാകില്ലെന്ന് ദക്ഷിണ റെയിൽവേ? വേഗം കൂട്ടലിനെ ബാധിക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിയ്ക്കായി ഭൂമി വിട്ടുനൽകാനാകില്ലെന്ന് ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിനെ അറിയിച്ചതായി റിപ്പോർട്ട്.

റെയിൽവേയുടെ ഭാവി വികസനത്തെ ബാധിക്കുമെന്നതിനാൽ ഭൂമി വിട്ടുനൽകാൻ കഴിയില്ലെന്നാണ് ദക്ഷിണ റെയിൽവേ നിലപാടെന്ന് മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തത്.

കെ റെയിലുമായി ചേർന്ന് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് കൈമാറണമെന്ന് റെയിൽവേ ബോർഡ് ദക്ഷണ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് കൈമാറിയിരിക്കുന്നതെന്നാണ് വാർത്ത.

അതേസമയം ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇപ്പോഴത്തെ അലൈൻമെന്‍റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും സിൽവർ ലൈനിനായി വിട്ടുനൽകാനാകില്ലെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് വാർത്ത പറയുന്നത്.

ഒക്ടോബറിലായിരുന്നു റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേയോട് സിൽവർ ലൈനുമായി ബന്ധപ്പെട്ട റിപ്പോർട്ട് തേടിയത്.

തിരുവനന്തപുരം – തൃശൂർ റീച്ചിൽ ഇടവിട്ടും അതിനുശേഷം പൂർണമായി റെയിൽവേ ട്രാക്കിന് സമാന്തരമായി കടന്നുപോകുന്ന രീതിയിലാണ് സിൽവർ ലൈൻ അലൈമെന്‍റ്.

183 ഹെക്ടർ റെയിൽവേ ഭൂമിയാണു പദ്ധതിയ്ക്ക് വേണ്ടത്.

ആശയവിനിമയം നടത്താതെയാണ് അലൈൻമെന്‍റ് അന്തിമമാക്കിയതെന്ന വിമർശനവും ദക്ഷിണ റെയിൽവേ ഉന്നയിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

സംസ്ഥാനത്ത് റെയിൽവേ വികസനം ദ്രുതഗതിയിൽ നടന്നുവരികയാണ്.

പാത ഇരട്ടിപ്പിക്കലും വളവ് നികത്തലും മറ്റുമായി ട്രെയിനുകളുടെ വേഗത ഉയർത്താനുള്ള പ്രവർത്തങ്ങളും സംസ്ഥാനത്ത് നടക്കുന്നുണ്ട്.

കെ റെയിലിന് ആവശ്യമായി വരുന്ന റെയിൽവേ ഭൂമി നിലവിൽ വികസനാവശ്യത്തിനായി നീക്കിവെച്ചതാണ്.

Related posts

Leave a Comment