ഡല്‍ഹി: കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്ത 78 എംപിമാര്‍ക്ക് പിന്നാലെ കൂടുതല്‍ നടപടി. പാര്‍ലമെന്റ് അതിക്രമത്തില്‍ പ്രതിഷേധിച്ച 50 എംപി മാരെക്കൂടി സസ്‌പെന്റ് ചെയ്തു.
കേരളത്തില്‍ നിന്നുള്ള കെ സുധാകരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ്, അബ്ദുല്‍ സമദ് സമദാനി എന്നിവരെ അടക്കമാണ് സസ്‌പെന്‍ഡ് ചെയ്തത്. മനീഷ് തിവാരിയും സുപ്രിയാ സൂലേയും പുറത്തായി.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, എന്‍കെ പ്രേമചന്ദ്രന്‍, ഇടി മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പടെ ഉള്ളവരെയാണ് ലോക്‌സഭയില്‍ നിന്ന് കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തത്.
പിന്നാലെ പ്രതിപക്ഷത്തെ കെ സി വേണുഗോപാല്‍, വി ശിവദാസന്‍, ജോസ് കെ മാണി എന്നിവരടക്കമുള്ളവരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്റ് ചെയ്തു.
മൂന്ന് എംപിമാര്‍ക്ക് എതിരെ പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരും.
ബാക്കി ഉള്ളവര്‍ക്ക് ഈ സഭാ കാലയളവ് തീരുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. അതേസമയം സോണിയാഗാന്ധിയെ നടപടിയില്‍ നിന്നും ഒഴിവാക്കി.
സിആര്‍പിസി, ഐപിസി,എവിഡന്‍സ് ആക്‌ട് എന്നിവയില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമ്ബോഴാണ് എംപിമാര്‍ പ്രതിഷേധം തുടര്‍ന്നത്.
എംപിമാരുടെ സസ്‌പെന്‍ഷന്‍ ബില്ലുകള്‍ ഏകപക്ഷീയമായി പാസ്സാക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അവസരം നല്‍കും. ജനാധിപത്യം ഇല്ലാതായെന്നും പ്രതിഷേധം തുടരുമെന്നും ശശിതരൂര്‍ പറഞ്ഞു.
അതേസമയം പാര്‍ലമെന്റില്‍ പ്രതിഷേധിക്കാന്‍ അവസരം നല്‍കി രണ്ട് പേര്‍ക്ക് അതിക്രമിച്ച് കയറാന്‍ സൗകര്യമുണ്ടാക്കിയ ബിജെപി നേതാവ് എംപിയായി തുടരുകയും
വിഷയത്തില്‍ പ്രതികരിച്ച പ്രതിപക്ഷ എംപിമാര്‍ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.
സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് 92 ഇന്ത്യാ മുന്നണി എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ജയറാം രമേശ് കുറിച്ചു.
പാര്‍ലമെന്റ് അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
അതേസമയം പ്രതിപക്ഷം പാര്‍ലമെന്റ് അതിക്രമത്തെ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.