വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും; 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്ന കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.

അഭി വിക്രം, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരില്‍ നിന്ന് കണ്ടെടുത്ത 24 തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

കേസില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യും. ഇതിനായി ശനിയാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കാന്‍ അന്വേഷണ സംഘത്തില്‍ തീരുമാനമായി.

കേസില്‍ അറസ്റ്റിലായവര്‍ രാഹുലിന്റെ വിശ്വസ്തരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് തള്ളിക്കളയാന്‍ രാഹുല്‍ തയ്യാറായില്ല.

എല്ലാ യൂത്ത് കോണ്‍ഗ്രസുകാരും തന്റെ വിശ്വസ്തരാണെന്നും അടൂരിലെ പ്രവര്‍ത്തകരുമായി തനിക്ക് വ്യക്തിപരമായി ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ചോദ്യം ചെയ്യുമെന്ന മാധ്യമ വാര്‍ത്ത കണ്ടുവെങ്കിലും പോലീസിന്റെ നോട്ടീസ് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വ്യക്തത വരുത്താനാണ് രാഹുലിനെ ചോദ്യം ചെയ്യുക. വ്യാജമായി നിര്‍മ്മിച്ച കാര്‍ഡുകള്‍ തിരിച്ചറിയല്‍ രേഖയായി യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡുകളാണ് വ്യാജമായി നിര്‍മ്മിച്ചതെന്ന് ആരോപണമുയര്‍ന്നത്.

തിരഞ്ഞെടുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ഈ കാര്‍ഡുകള്‍ വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

അറസ്റ്റിലായവരുടെ മൊബൈലിലും ലാപ്‌ടോപ്പിലും സൂക്ഷിച്ചിരുന്ന ഡിജിറ്റല്‍ കാര്‍ഡുകളാണ് പിടിച്ചെടുത്തത്. ഇവ ഡിലീറ്റ് ചെയ്തിരുന്നു.

അവ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പോലീസ് വീണ്ടെടുത്തിരുന്നു.

 

Related posts

Leave a Comment