കാണികള്‍ ഗ്യാലറിയില്‍ ഏറ്റുമുട്ടി, മെസ്സിയും കൂട്ടരും പിച്ച്‌ വിട്ടു ; നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ ബ്രസീലിനെ തോല്‍പ്പിച്ച്‌ അര്‍ജന്റീന

റിയോ ഡി ജനീറോ: കളത്തിനകത്തെ വാശി കാണികളിലേക്കും പടര്‍ന്നതിനെ തുടര്‍ന്ന് അത്യന്തം നാടകീമായ രംഗങ്ങള്‍ നിറഞ്ഞ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീനയ്ക്ക് ജയം.

63 ാം മിനിറ്റില്‍ പ്രതിരോധതാരം ഒട്ടാമെന്‍ഡിയുടെ ഗോളില്‍ അര്‍ജന്റീന എതിരാളികളുടെ മണ്ണില്‍ വിജയവുമായി മുമ്ബോട്ട് പോയി.

കളത്തിനകത്തും ഗ്യാലറിയിലും ഒരുപോലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു വിധത്തിലാണ് മത്സരം പൂര്‍ത്തിയാക്കിയത്.

ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ആരാധകര്‍ ഗ്യാലറിയില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് കളി തുടങ്ങിയത് തന്നെ അര മണിക്കൂര്‍ വൈകിയായിരുന്നു.

അടി മൂത്തതോടെ ഇരുടീമിന്റെയും കളിക്കാര്‍ പിച്ച്‌ വിട്ട് ഗ്യാലറിക്കരികിലെത്തി ആരാധകരോട് ശാന്തരായിരിക്കാന്‍ ആവശ്യപ്പെട്ടു.

ഇരു ടീമുകളുടെയും ലൈനപ്പിനും രണ്ടു രാജ്യങ്ങളുടേയും ദേശീയഗാനത്തിനും ശേഷമായിരുന്നു സ്‌റ്റേഡിയത്തില്‍ അടി പൊട്ടിയത്.

പിന്നീട് പോലീസ് എത്തി അര്‍ജന്റീന ആരാധകരെ തല്ലിച്ചതച്ചതോടെ പ്രതിഷേധിച്ച്‌ അര്‍ജന്റീന ടീം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി.

പിന്നീട് അരമണിക്കൂറെടുത്ത് രംഗം ശാന്തമായ ശേഷമാണ് കളി തുടങ്ങിയത്. കാണികളുടെ ആവേശം കളത്തിലേക്കും പടര്‍ന്നതോടെ കളത്തില്‍ അനേകര്‍ക്ക് മഞ്ഞക്കാര്‍ഡ് കിട്ടി.

ബ്രസീല്‍ താരം ജോ ലിന്റണ്‍ എണ്‍പത്തിരണ്ടാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. ലോ സെല്‍സോ എടുത്ത കോര്‍ണറില്‍ നിന്നുമായിരുന്നു ഗോള്‍ വന്നത്.

ബ്രസീലിയന്‍ പ്രതിരോധക്കാര്‍ക്ക് മുകളില്‍ പൊങ്ങിച്ചാടി ഒട്ടാമെന്‍ഡി പന്തില്‍ തല വെയ്ക്കുകയായിരുന്നു. പന്ത് കീപ്പര്‍ അലിസണെ മറികടന്ന് വലയിലെത്തി.

വിജയത്തോടെ 15 പോയിന്റ് നേടിയ അര്‍ജന്റീന വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാമതായി. ആറു കളിയില്‍ അഞ്ചിലും വിജയം നേടിയാണ് അര്‍ജന്റീന ഒന്നാമതെത്തിയത്.

നാലു വിജയമുള്ള ഉറുഗ്വേ തൊട്ടുപിന്നില്‍ രണ്ടാമതുണ്ട്. ആറു കളികളില്‍ രണ്ടെണ്ണം മാത്രം ജയിച്ച ബ്രസീല്‍ ആറാം സ്ഥാനത്താണ്. മാരക്കാന സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

അമേരിക്കയിലും കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന അടുത്ത ലോകകപ്പില്‍ 48 ടീമുകളാണ് കളിക്കുന്നത്. ലാറ്റിനമേരിക്കന്‍ യോഗ്യതയുടെ കാര്യത്തില്‍ ബ്രസീലിന്റെ കാര്യം പരുങ്ങലിലാ മാറിക്കൊണ്ടിരിക്കുകയാണ്.

Related posts

Leave a Comment