ജില്ലയില്‍ നവ കേരള സദസ്സ് ഇന്നു മുതല്‍ ; മഞ്ചേശ്വരത്ത് ഒരുക്കങ്ങള്‍ പൂര്‍ണ്ണം

കാസര്‍ഗോഡ് : നവകേരള നിര്‍മ്മിതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയില്‍ ഇന്ന് (നവംബര്‍ 18) തുടക്കം.

ആദ്യ വേദിയായായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30 മീറ്റര്‍ ഉയരത്തില്‍ ജര്‍മ്മന്‍ പന്തലാണ് സദസ്സിനായി ഒരുക്കിയത്.

കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. പ്രധാന പാതകള്‍ ദീപാലങ്കാരത്താലും തോരണത്താലും ഭംഗിയാക്കി.

നവകേരള സദസ്സിന് മുന്നോടിയായി ഉച്ചക്ക് രണ്ട് മുതല്‍ യക്ഷഗാനം, സംഘ നൃത്തം, ഭരതനാട്യം, തിരുവാതിര, മാപ്പിളപ്പാട്ട്, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ നടക്കും.

വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കും.

ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കാനും ജനങ്ങളുമായി സംവദിക്കാനുമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും നവകേരള സദസ്സ് സംഘടിപ്പിക്കും.

Related posts

Leave a Comment