‘നീ ആരാടാ… എന്നെ തല്ലാൻ’; സ്റ്റാഫ് മീറ്റിങിനിടെ അധ്യാപകരുടെ കൂട്ടതല്ല്, 7 അധ്യാപകർക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂളില്‍ ചേര്‍ന്ന സ്റ്റാഫ് മീറ്റിംഗിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് അധ്യാപകര്‍ക്ക് പരിക്ക്. നരിക്കുനിക്കടുത്ത് പാലത്ത് എരവന്നൂര്‍ എയുപി സ്‌കൂളിലാണ് സംഭവം.

പരിക്കേറ്റവര്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

അധ്യാപകസംഘടനയായ എന്‍ടിയുവിന്റെ കൊടുവള്ളി ഉപജില്ലാ കമ്മിറ്റി ഭാരവാഹിയായ സുപ്രീന, ഇവരുടെ ഭര്‍ത്താവും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ

ഷാജി, എരവന്നൂര്‍ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി ഉമ്മര്‍, വി വീണ, കെ മുഹമ്മദ് ആസിഫ്, അനുപമ, ജസീല എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സ്‌കൂളിലെ വിദ്യാര്‍ഥികളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകര്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു ചേര്‍ന്ന യോഗമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം.

എന്‍ടിയുവിന്റെ ജില്ലാ നേതാവുകൂടിയായ ഷാജി യോഗത്തിലേക്കു തള്ളിക്കയറി ആക്രമിച്ചുവെന്നാണ് മറ്റ് അധ്യാപകരുടെ പരാതി.

എന്നാല്‍ തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ ഭര്‍ത്താവിനെ മറ്റ് അധ്യാപകര്‍ ആക്രമിച്ചുവെന്നാണ് സുപ്രീനയുടെ ആരോപണം.

കയ്യാങ്കളിയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അധ്യാപകര്‍ പരസ്പരം അസഭ്യം പറയുന്നതും മര്‍ദിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.

സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസവകുപ്പ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Related posts

Leave a Comment