‘ഞാന്‍ പരാജയപ്പെട്ടുപോയ കര്‍ഷകനാ, സര്‍ക്കാരിന് നെല്ല് കൊടുത്തിട്ട് കാശ് തന്നില്ല’: ആത്മഹത്യയ്ക്ക് മുന്‍പ് ശബ്ദസന്ദേശത്തില്‍ പൊട്ടിക്കരഞ്ഞ് കര്‍ഷകന്‍

ആലപ്പുഴ: ‘ഞാന്‍ പരാജയപ്പെട്ടുപോയ കര്‍ഷകനാ, കൃഷി ചെയ്ത് നെല്ല് സര്‍ക്കാരിന് കൊടുത്തു, സര്‍ക്കാര്‍ കാശ് തന്നില്ല, തിരിച്ച് ലോണ്‍ ചോദിച്ചു, പിആര്‍എസ് കുടിശിക ഉള്ളതിനാല്‍ ലോണ്‍ തരില്ലെന്ന് പറഞ്ഞു,

എന്ത് പറയാനാ ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി’, ജീവനൊടുക്കാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെജി പ്രസാദ് (55) സുഹൃത്തിനോട് പങ്കുവെച്ച സംഭാഷണമാണിത്.

കടബാധ്യതയെ തുടര്‍ന്നാണ് നെല്‍ കര്‍ഷകനും ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയായ പ്രസാദ് ആത്മഹത്യ ചെയ്തത്.

‘എന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണ്.

നല്‍കിയ നെല്ലിന്റെ പണമാണ് സര്‍ക്കാര്‍ പിആര്‍എസ് വായ്പയായി നല്‍കിയത്.

ഇത് കുടിശിക അടക്കം അടക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ, സര്‍ക്കാര്‍ എന്നെ ചതിച്ചു’, കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

സര്‍ക്കാരും മറ്റ് മൂന്ന് ബാങ്കുകളുമാണ് തന്റെ മരണത്തിന് ഉത്തരാവാദിയെന്ന് ആത്മഹത്യ കുറിപ്പില്‍ അദ്ദേഹം പറയുന്നുണ്ട്.2011 ലാണ് പ്രസാദ് ഒരു കാര്‍ഷിക വായ്പ എടുത്തത്.

2021 ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഈ തുക തിരിച്ചടച്ചു. എന്നിട്ടും പ്രസാദിന് സിബില്‍ സ്‌കോര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ലോണ്‍ അനുവദിച്ചില്ല.

ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് പിആര്‍എസ് വായ്പ കുടിശികയായതാണ് സിബില്‍ സ്‌കോര്‍ കുറയാന്‍ കാരണമായതെന്ന് വ്യക്തമായത്.

നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ പിആര്‍എസ് വായ്പയായി സര്‍ക്കാര്‍ പ്രസാദിന് നല്‍കിയിരുന്നു.

എന്നാല്‍, തുക സര്‍ക്കാര്‍ തിരിച്ചടയ്ക്കാതായതോടെ പ്രസാദിന് മറ്റ് വായ്പകള്‍ കിട്ടാതെയായി.

കാര്‍ഷിക വായ്പയ്ക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍, പിആര്‍എസ് വായ്പ കുടിശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല.

ഇതോടെ മനം മടുത്താണ് പ്രസാദ് ആത്മഹത്യ ചെയ്തതെന്ന് പുറത്തുവന്ന ഓഡിയോ ക്ലിപ്പ് വ്യക്തമാക്കുന്നു.

‘ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ, ഞാന്‍ കുറേ ഏക്കര്‍ സ്ഥലം കൃഷി ചെയ്തു.

പിന്നീട്, ആ നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ നമുക്ക് പണം നല്‍കിയില്ല. ഞാന്‍ ലോണ്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു പിആര്‍എസ് കുടിശികയാണെന്നാണ്.

എനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ല’, ശബ്ദസന്ദേശത്തില്‍ പ്രസാദ് പറയുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് പ്രസാദ് വിഷം കഴിച്ചത്.

തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

Related posts

Leave a Comment