റീ കൗണ്ടിംഗ് ആവശ്യപ്പെട്ട എസ്‌എഫ്‌ഐ യ്ക്ക് റീ ഇലക്ഷനെ നേരിടാന്‍ ധൈര്യമുണ്ടോ? വെല്ലുവിളിച്ച്‌ കെഎസ് യു

തൃശൂര്‍: വോട്ടെണ്ണലില്‍ അട്ടിമറി ആരോപിച്ചതിന് പിന്നാലെ റീ ഇലക്ഷനായി എസ്‌എഫ്‌ഐ യെ വെല്ലുവിളിച്ച്‌ കെ.എസ്.യു.

ആദ്യം ഫലം പുറത്തുവന്നപ്പോള്‍ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട എസ്‌എഫ്‌ഐ യ്ക്ക് റീ ഇലക്ഷനെ നേരിടാന്‍ തയ്യാറുണ്ടോയെന്നും വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യമുണ്ടോയെന്നും കെഎസ് യു ചോദിച്ചു.

ഇന്നലെ വോട്ടെണ്ണലില്‍ ഒരു വോട്ടിന് കെഎസ്‌യുവിന്റെ ശ്രീകുട്ടന്‍ ഒരു വോട്ടിന് മുന്നിലെത്തിയിരുന്നു.

പിന്നാലെ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട എസ്‌എഫ്‌ഐ രണ്ടാമത്തെ വോട്ടെണ്ണലില്‍ 11 വോട്ടിന് ജയിക്കുകയായിരുന്നു.

വോട്ടെണ്ണലില്‍ അട്ടിമറി ആരോപിച്ച്‌ നീതി തേടി കെഎസ് യു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം ആരോപിച്ച്‌ കെഎസ് യു നേതാവ് അലോഷ്യസ് സേവ്യര്‍ അനിശ്ചിതകാല നിരാഹരസമരവും തുടങ്ങിയിട്ടുണ്ട്.

എസ്‌എഫ്‌ഐ കോട്ടകള്‍ കെ എസ് യു പിടിച്ചെടുക്കുമെന്നും ഇത് പൊളിറ്റിക്കല്‍ ഷിഫ്റ്റാണെന്നും അലോഷ്യസ് പറഞ്ഞു. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെഎസ് യുവിന്റെ ആവശ്യം.

നിരാഹാരസമരം ഇപ്പോള്‍ കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുകയാണ്.

കെഎസ് യു വിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ യാണ്.

ഇന്ന് കെഎസ് യുവിന്റെ സമരപ്പന്തലില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എത്തുന്നുണ്ട്.

ഒരു വോട്ടിന് കെ എസ് യു സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന്‍ ജയിച്ച ശേഷം റീ കൗണ്ടിങ്ങിന്റെ പേരില്‍ അട്ടിമറി നടത്തിയെന്നാണ് കെഎസ്യുവിന്റെ ആക്ഷേപം.

32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ കെഎസ്യു വിജയിച്ചത്.

ക്യാമ്ബസിലെ സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് കൗണ്ടിങ് അവസാനിച്ചത്.

കൗണ്ടിങ് നിര്‍ത്തിവയ്ക്കാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ അതിന് തയ്യാറായിരുന്നില്ല.

കൗണ്ടിങ് ടേബിളിലെ അധ്യാപകരെ എസ്‌എഫ്‌ഐ ഭീഷണിപ്പെടുത്തിയതായും കെഎസ്യു ആരോപിച്ചു.

തുല്യ വോട്ടുകള്‍ വന്നപ്പോള്‍ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ജയിച്ചെന്നുമാണ് എസ്‌എഫ്‌ഐ വാദം. 11 വോട്ടിന് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കെഎസ് അനിരുദ്ധന്‍ ജയിച്ചതായും എസ്‌എഫ്‌ഐ പറഞ്ഞു.

Related posts

Leave a Comment