ഇസ്രയേല്‍- പലസ്തീന്‍ ഏറ്റുമുട്ടല്‍: മരണം 1,100 കടന്നു, വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യ; സന്നാഹവുമായി യു.എസ്

ടെല്‍ അവീവ്: ഇസ്രയേലും പാലസ്തീനും തമ്മില്‍ ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1,100 കടന്നുവെന്ന് റിപ്പോര്‍ട്ട്.

ഇസ്രയേലിന്റെ ഭാഗത്ത് 700 ലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്നുമാത്രം 260 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഗാസയില്‍ നിന്ന് 424 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഏറ്റുമുട്ടലില്‍ നിരവധി അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതോടെ ഇസ്രയേലിന് പിന്തുണയുമായി അമേരിക്കയും രംഗത്തെത്തി. അമേരിക്ക മെഡിറ്ററേനിയന്‍ കടലിലേക്ക് യുദ്ധക്കപ്പലുകളും പോര്‍ വിമാനങ്ങളും അയച്ചു.

ഗാസയില്‍ 800 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേലില്‍ കടന്ന ഹമാസിനെതിരെ പോരാട്ടം തുടരുകയാണ്. 74,000 പേര്‍ ക്യാംപുകളില്‍ അഭയം തേടി.

നൂറിലേറെപ്പേരെ ബന്ദികളാക്കിയെന്ന് ഹമാസ് അറിയിച്ചു. 30 പേരെ ബന്ദികളാക്കിയെന്ന ഇസ്ലാമിക ജിഹാദ് ഗ്രൂപ്പ് വ്യക്തമാക്കി. ഹമാസിനെ അഭിനന്ദിച്ച്‌ ഇറാന്‍ പ്രസിഡന്റ് രംഗത്തെത്തി.

പലസ്തീന്‍ പതാകയുമായി ആയിരക്കണക്കിന് ആളുകള്‍ ടെഹ്‌റാനിലെ പലസ്തീന്‍ ചത്വരത്തില്‍ അനുകൂല പ്രകടനം നടത്തി. ലബനോനിലും പലസ്തീന്‍ പതാകയുമായി ഷിയാ വിഭാഗമായ ഹിസ്ബുള്ളയുടെ പ്രകടനം നടന്നു.

തുര്‍ക്കിയിലും പല്‌സതീന്‍ അനുകൂല പ്രകടനം നടന്നു. യെമന്‍, ഇറാഖ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രകടനം നടന്നു.

അതേസമയം, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യു.എസ്, ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ അവിടെയുള്ള ജൂതന്മാരുടെയും അവരുടെ സ്ഥാപനങ്ങളുടെയും സുരക്ഷയും രാജ്യത്തിനുള്ളില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ ഒഴിവാക്കാനും നടപടികള്‍ സ്വീകരിച്ചു.

ഇന്നു പുലര്‍ച്ചെ നാല് മണിയോടെ ന്യുയോര്‍ക്കില്‍ നിന്നുള്ള എല്‍ എഐ വിമാനത്തില്‍ ടെല്‍ അവീവില്‍ എത്തിയ യുവാക്കളുടെ സംഘം ഇസ്രയേല്‍ സൈന്യത്തിനൊപ്പം പോരാട്ടത്തിന് സജ്ജരായി. ഹമാസിന്റെ ആക്രമണത്തെ യു.എന്നും അപലപിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ഹമാസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ തിരിച്ചടിയുണ്ടായി. ഹമാസിന്റെ നാവിക കേന്ദ്രത്തിന്റെ ആസ്ഥാനമായ ബഹുനില മന്ദിരം തകര്‍ത്തുവെന്ന് ഇസ്രയേല്‍ അറിയിച്ചു.

ഇന്ത്യയുടെ പിന്തുണയും ഇസ്രയേലിന് ഉണ്ടാവും. ശനിയാഴ്ച ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഹമാസിന്റെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.

ഇസ്രയേലിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്.

അതിനിടെ, ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 4.7% ഉയര്‍ന്ന് ടെക്‌സസ് മാര്‍ക്കറ്റില്‍ 86.65 ഡോളറില്‍ എത്തി.

ഏഷ്യന്‍ ബിസിനസില്‍ 4.5% ഉയര്‍ന്ന് 88.39 ഡോളറിലെത്തി. സ്വര്‍ണവിലയിലും കുതിപ്പുണ്ടാകുമെന്നാണ് സൂചന. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപത്തിന് തുനിഞ്ഞേക്കും.

Related posts

Leave a Comment