ആലപ്പുഴ : ആലപ്പുഴയില്‍ നിന്ന് ബിഹാറിലേക്കുള്ള നോണ്‍ സ്റ്റോപ് ട്രെയിന്‍ അതിഥി തൊഴിലാളികളുമായി ഇന്ന് ഉച്ചയ്ക്ക് ശേഷം പുറപ്പെടും. 1140 തൊഴിലാളികളാണ് ഇന്ന് സ്വദേശത്തേക്ക് പുറപ്പെടുന്നത്. അതേസമയം, ട്രെയിന്‍ ടിക്കറ്റിനുള്ള പണം തൊഴിലാളികള്‍ തന്നെ നല്‍കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സ്വദേശത്തേക്ക് മടങ്ങുന്നതിനായി മാവേലിക്കര, അമ്ബലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും തൊഴിലാളികളെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ പുറപ്പെട്ടു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.
അതേസമയം, ടിക്കറ്റ് നിരക്കായ 930 രൂപ തൊഴിലാളികള്‍ തന്നെ നല്‍കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ടിക്കറ്റ് ചാര്‍ജ് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം രൂപ നല്‍കാമെന്ന് ആലപ്പുഴ ഡിസിസി അറിയിച്ചു. എന്നാല്‍, ഈ തുക വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി ഇല്ലെന്ന് ജില്ലാ കളക്ടര്‍ മറുപടി നല്കി.
കഴിഞ്ഞ ദിവസം, കേരളത്തില്‍ നിന്നും ബിഹാറിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികളുടെ വീട്ടിലേക്കുള്ള യാത്ര മുടങ്ങിയിരുന്നു. ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് ട്രെയിന്‍ റദ്ദാക്കിയത്.