വിശപ്പിനെ പിടിച്ചൂകെട്ടിയ വിപ്ലവകാരി ഡോ. എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു

ചെന്നൈ: ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവും വിഖ്യാത കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോ.എം.എസ് സ്വാമിനാഥന്‍ (മങ്കൊമ്ബ് സാംബശിവന്‍- 98) അന്തരിച്ചു.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം.

ആലപ്പുഴയിലെ മങ്കൊമ്ബ് കൊട്ടാരമഠത്തില്‍ കുടുംബവേരുള്ള എം.എസ് സ്വാമിനാഥന്‍ 1925 ഓഗസ്റ്റ് ഏഴിന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചത്.

കൃഷിയെ സ്‌നേഹിക്കുന്ന ഒരു കുട്ടനാടുകാരന്റെ അര്‍പ്പണവും കഠിനാദ്ധ്വാനവുമാണ് സ്വാമിനാഥനിലുടെ രാജ്യം ദര്‍ശിച്ചത്.

കിഴങ്ങ്, ഗോതമ്ബ്, അരി എന്നിവയുടെ ഗവേഷണ പരീക്ഷണത്തിലൂടെ രാജ്യത്തെ ഭക്ഷ്യസുരക്ഷയിലേക്ക് നയിച്ചതില്‍ സ്വാമിനാഥന്റെ സംഭാവനകള്‍ നിസ്തുലമായത്.

തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത് ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളായിരുന്നു.

1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പി.എച്ച്‌ ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് ഡോ.സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്.

1966 ല്‍ മെക്‌സിക്കന്‍ ഗോതമ്ബ് ഇനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളില്‍ അദ്ദേഹം നൂറു മേനി കൊയ്തു.

ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.

ഡോ. മങ്കൊമ്ബ് കെ. സാംബശിവന്റെയും തങ്കത്തിന്റെയും മകനായി തമിഴ്നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7നായിരുന്നു ജനനം.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് മങ്കൊമ്ബ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. ഇവരുടെ നാലു മക്കളില്‍ രണ്ടാമത്തെയാളാണ് സ്വാമിനാഥന്‍.

അമ്ബലപ്പുഴ രാജാവിന്റെ ക്ഷണം സ്വീകരിച്ച്‌ തഞ്ചാവൂര്‍ കൊട്ടാരത്തില്‍ നിന്നുമെത്തിയ പണ്ഡിതശ്രേഷ്ഠനായ വെങ്കിടാചലയ്യരുടെ പിന്‍തലമുറക്കാരായ കൊട്ടാരം കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം.

മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ പിതാവ് ആതുരസേവനത്തിനായി തിരഞ്ഞെടുത്തത് തമിഴ്‌നാട്ടിലെ കുംഭകോണമായിരുന്നു.

 

Related posts

Leave a Comment