‘വവ്വാലുകളെ ഓടിക്കരുത്, പ്രകോപനമുണ്ടായാൽ കൂടുതൽ വൈറസുകളെ പുറന്തള്ളുമെന്ന് പഠനം; നിപയെ ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട് യാതൊരുവിധ ആശങ്കയും വേണ്ടെന്നും ഒറ്റക്കെട്ടായി നാം ഇതിനെ അതിജീവിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് .

രോഗബാധയുടെ പശ്ചാത്തലത്തിലുള്ള ചികിത്സാ നടപടികളും പ്രതിരോധ – ജാഗ്രതാ നടപടികളും കാര്യക്ഷമമായി തുടരുകയാണ്. നിപ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചതായും ഇതിനുള്ള സംവിധാനങ്ങൾ കോഴിക്കോട്ട് സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

സ്ഥിതിഗതികൾ വിലയിരുത്താൻ കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വീണ ജോർജ്.

39 വയസ്സുള്ള കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിക്കാണ് ഇന്ന് രാവിലെ നിപ സ്ഥിരീകരിച്ചതെന്ന് മന്ത്രി അറിയിച്ചു. ഇദ്ദേഹത്തിന് 30ന് മരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കമുണ്ട്.

30ന് മരിച്ച വ്യക്തിയും 11ന് മരിച്ച വ്യക്തിയും ഒരേ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ആ സമയത്ത് അവിടെ ഉണ്ടായിരുന്ന വ്യക്തിക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. മറ്റൊരു രോഗിക്കൊപ്പം കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു ഇദ്ദേഹം.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലും തുടർന്ന എൻഐവിയുടെ മൊബൈൽ ലാബിലും നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ നിലവിലില്ല. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച കുട്ടിയെ വെന്റിലേറ്ററിൽനിന്ന് മാറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

രോഗവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട നടപടികൾ ശക്തമായി തുടരാൻ തീരുമാനിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതു സംബന്ധിച്ച പ്രവർത്തനങ്ങൾ തുടരുകയാണ്.

പട്ടിക ഇനിയും വിപുലമാകും. നേരത്തെ രൂപീകരിച്ച 19 ടീമുകളും ഊർജിതമായി പ്രവർത്തിക്കുന്നുണ്ട്. പോസിറ്റീവായ വ്യക്തികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കൂടി എടുത്തുകൊണ്ടാണ് പട്ടിക തയ്യാറാക്കുന്നത്. ഏതെങ്കിലും സ്ഥലം വിട്ടുപോകുന്നത് ഒഴിവാക്കാനാണിത്.

30ന് മരണപ്പെട്ട വ്യക്തിയുമായി ഹൈറിസ്‌ക് കോൺടാക്ടുള്ള എല്ലാ വ്യക്തികളുടെയും സാംപിൾ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരം ഹൈറിസ്‌ക് പട്ടികയിലുള്ളവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലേ പരിശോധന നടത്തേണ്ടതുള്ളു.

എന്നാൽ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധന നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുപ്രകാരം പരമാവധി സാംപിളുകൾ പരിശോധിക്കും. സമ്പർക്കമുണ്ടായവർക്ക് 21 ദിവസമാണ് ഐസൊലഷൻ.

ഇതിനിടെ നെഗറ്റീവാണെന്നു കണ്ടാലും ഐസൊലേഷൻ പൂർത്തിയാക്കണം. ഇതിനിടെ പരിശോധന വീണ്ടും നടത്തേണ്ടതായി വരുമെന്നും മന്ത്രി പറഞ്ഞു.

പരിശോധനയ്ക്കുള്ള രണ്ട് അധിക സംവിധാനങ്ങൾ കോഴിക്കോട്ടു തന്നെ സജ്ജമാക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയുടെ മൊബൈൽ ലാബാണ് ഒന്ന്.

ഇവിടെ രണ്ട് മെഷിനുകളിലായി ഒരേ സമയം 192 സാംപിളുകൾ പരിശോധിക്കാനാകും. ഒന്നരമണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കും. 24 മണിക്കൂറും ലാബ് പ്രവർത്തിക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിലും പരിശോധന നടത്താം. സാമ്പിളിന്റെ എണ്ണം വർധിക്കുകയാണെങ്കിൽ തോന്നയ്ക്കലിലും പരിശോധന നടത്താൻ സൗകര്യമുണ്ട്.

സ്ഥിരീകരണ പരിശോധനകൾക്കായി പൂനെയിലെ എൻഐവി ലാബിലേക്ക് സാംപിൾ അയക്കേണ്ടതില്ല. അവിടെനിന്നുള്ള മൊബൈൽ ലാബ് ഇന്നലെ രാത്രി മുതൽ കോഴിക്കോട്ട് പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

Related posts

Leave a Comment