വിദ്യാര്‍ഥിയെ മനപൂര്‍വ്വം കാറിടച്ചത് തന്നെ; കൊലക്കുറ്റം ചുമത്തി പോലീസ്; പ്രതിക്കായി തെരച്ചില്‍

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചല്‍ പുളിങ്കോട് കാറിടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. പൂവച്ചല്‍ സ്വദേശിയും നാലാഞ്ചിറയില്‍ താമസക്കാരനുമായ പ്രിയരഞ്ജനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.

സംഭവം കൊലപാതകമാണെന്ന ആരോപണത്തിന് പിന്നാലെ കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് കേസെടുത്തത്.

നേരത്തെ സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തിരുന്നത്.കാട്ടാക്കട പൂവച്ചല്‍ പൂവച്ചല്‍ അരുണോദയത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ അരുണ്‍കുമാര്‍ ദീപ ദമ്പതികളുടെ മകന്‍ കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ആദി ശേഖറാണ് മരിച്ചത്.

പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ മുന്‍വശത്ത് വെച്ചായിരുന്നു സംഭവം. ക്ഷേത്രത്തിനു മുന്നില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.

എന്നാല്‍, അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ദുരൂഹതയും സംശയവും ഉയര്‍ന്നത്.

പടിയന്നൂര്‍ ക്ഷേത്രത്തിന്‍റെ ഭാഗത്തുനിന്നാണ് കാര്‍ എത്തിയത്. തുടര്‍ന്ന്, പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ സ്റ്റേജിന്‍റെ പിന്നില്‍ കാര്‍ നിറുത്തിയിട്ട പ്രിയരഞ്ജന്‍ കുട്ടി വരുന്നതുവരെ കാത്തിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കുട്ടിയുടെ അകന്ന ബന്ധുവാണു പ്രിയരഞ്ജന്‍. മദ്യ ലഹരിയിലാണ് ഇയാള്‍ കാര്‍ ഓടിച്ചിരുന്നതെന്നും നാട്ടുകാരില്‍ ചിലര്‍ പോലീസിനോട് പറഞ്ഞു. ഇലക്ട്രിക്കല്‍ കാറാണ് പ്രിയരഞ്ജന്‍ ഓടിച്ചത്.

ആദി ശേഖറും മറ്റൊരു കുട്ടിയും കൂടി സൈക്കിളോടിച്ചുകൊണ്ട് നില്‍ക്കുന്നതും അതിന് തൊട്ടുപിന്നിലായി കാറില്‍ പ്രിയരഞ്ജന്‍ നില്‍ക്കുന്നതും സിസിടിവി ദൃശ്യത്തില്‍ കാണാം.

ആദി ശേഖര്‍ സൈക്കിളെടുത്ത് മുന്നോട്ടുപോകാന്‍ തുടങ്ങുന്നതിനിടെയാണ് പ്രിയരഞ്ജന്‍ കാറുമായി മുന്നോട്ട് അമിതവേഗതയില്‍ പോകുകയും കൂട്ടിയെ ഇടിച്ച് കുട്ടിയുടെ ശരീരത്തിന് മുകളിലുടെ കാര്‍ കയറ്റി ഇറക്കുകയും ചെയ്തത്.

പിന്നീട് ഇയാളുടെ വാഹനം പേയാട് എന്ന സ്ഥലത്തുനിന്ന് ആളൊഴിഞ്ഞ നിലയില്‍ പോലീസ് കണ്ടെത്തി.

ഈ സംഭവത്തിന് ഒരാഴ്ച മുന്‍പ് ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം.

അപകടം നടന്ന ദിവസം പ്രിയരഞ്ജന്‍ ഭാര്യയ്ക്ക് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. അപകടം നടന്ന് മൂന്നാം ദിവസം പ്രിയരഞ്ജന്‍റെ കാറിന്‍റെ താക്കോല്‍ ഭാര്യയാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത്.

പ്രിയരഞ്ജന്‍ പോകാനുള്ള ഇടങ്ങളെല്ലാം പോലീസ് പരിശോധിച്ചെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല. പ്രിയരഞ്ജന്‍റെ ഭാര്യ വിദേശത്തു ജോലി ചെയ്യുകയാണെന്നും ഇയാള്‍ ചെന്നൈ വഴി വിദേശത്തേക്ക് കടന്നെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം, കേസിലെ പ്രതിയായ പ്രിയരഞ്ജന്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ദുബായില്‍ ടാറ്റൂ സെന്‍റര്‍ നടത്തുന്നയാളാണ് പ്രതി.

സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് കാട്ടാക്കട ഡിവൈഎസ്പി പറഞ്ഞു.

Related posts

Leave a Comment